വിദേശത്ത് നിന്നുപോലും ആവശ്യക്കാർ ഏറെ; ഒരു ഉറുമ്പിന്റെ വില 20,000 രൂപവരെ
കള്ളക്കടത്ത് എന്ന് പറഞ്ഞാൽ ആദ്യംതന്നെ നമ്മുടെ മനസിൽ വരുന്നത് ആനക്കൊമ്പോ പുലിത്തോലോ മയക്കുമരുന്നോ സ്വർണമോ കടത്തുന്നതാണ്. എന്നാൽ ഉറുമ്പിനെ ഇത്തരത്തിൽ കടത്തുന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ. കേൾക്കുമ്പോൾ ചിരിവരുമെങ്കിൽ കാര്യം ഇത്തിരി ഗൗരവമുള്ള ഒന്നാണ്. കെനിയയിലെ നെയ്റോബി വിമാനത്താവളത്തിൽ പരിശോധിച്ച ബാഗുകളിൽനിന്ന് ആയിരക്കണക്കിന് ജീവനുള്ള ഉറുമ്പുകളെ കണ്ടെത്തിയിരുന്നു. ഉറുമ്പിനെ എന്തിനാണ് കടത്തുന്നതെന്ന് പലർക്കും സംശയം തോന്നാമെങ്കിലും അതിനുപിന്നിൽ വ്യക്തമായ കാരണമുണ്ട്. അതും ഒരു ഉറുമ്പിന് ആയിരങ്ങളാണ് വിലയെന്ന് ഓർക്കുക.
കഴിഞ്ഞ മാർച്ചിൽ നെയ്‌റോബിയിലെ ജോമോ കെനിയാട്ട രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് 27കാരനായ ചെെനീസ് പൗരൻ ഷാങ് കെക്വൻ പിടിയിലാകുന്നത്. ഇയാളുടെ ബാഗിൽ ഏകദേശം 2,200ലധികം ജീവനുള്ള റാണി ഉറുമ്പുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. പ്ലാസ്റ്റിക് ട്യൂബുകളിലും ടിഷ്യൂപേപ്പറുകൾക്കുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. കൂടാതെ മുൻപ് മൊംബാസയിൽ നിന്ന് തായ്‌ലൻഡിലേക്ക് അയച്ച ഉറുമ്പുകളുടെ മറ്റൊരു വലിയ ശേഖരവും അധികൃതർ പിടികൂടിയിരുന്നു.
സാധാരണ ഉറുമ്പുകളല്ല
ഇത്തരത്തിൽ കടത്തുന്നത് സാധാരണ ഉറുമ്പുകളല്ല. ലോകത്തിലെ ഏറ്റവും വലിയ ഹാർവെസ്റ്റർ ഉറുമ്പുകളുടെ വിഭാഗത്തിൽപ്പെട്ട 'മെസ്റ്റർ സെഫാലോട്ട്സ്' എന്ന ഇനമാണ്. ഇവയ്ക്ക് ഏകദേശം ഒരു ഇഞ്ചുവരെ നീളം വരും. കിഴക്കൻ ആഫ്രിക്കയിലാണ് ഇവ കൂടുതലായി കാണുന്നത്. വലുതും ചുവപ്പും നിറത്തിലുള്ള ഭീമൻ റാണി ഉറുമ്പുകൾക്ക് ഓൺലെെൻ കരിഞ്ചന്തകളിൽ 20,505 രൂപ ( $220 ) വരെയാണ് വില. തുറസായ വയലുകളിലും കുന്നുകളിലും ഉള്ള ഉറുമ്പുകളെ വിദേശികളടക്കം തേടിയെത്തിയിട്ടുണ്ടെന്ന് ആഫ്രിക്കയിൽ ഇത്തരത്തിൽ ഉറുമ്പിനെ വിൽക്കുന്നവർ പറയുന്നു.
എന്നാൽ ഇത് നിയമലംഘനമാണെന്നും പലർക്കും അറിയില്ല. ബെൽജിയം. വിയറ്റ്നാം, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതികൾ ടെസ്റ്റ് ട്യൂബുകളിലും സിറിഞ്ചുകളിലും നനഞ്ഞ പഞ്ഞി ഉപയോഗിച്ചാണ് ഉറുമ്പുകളെ കടത്തുന്നത്. ഇതിൽ ഉറുമ്പുകൾക്ക് രണ്ട് മാസംവരെ അതിജീവിക്കാൻ കഴിയുമെന്നാണ് കെനിയ വെെൽഡ്ലെെഫ് സർവീസ് പറയുന്നത്. ഹാർവെസ്റ്റർ ഉറുമ്പുകൾ 'പലരുടെയും സ്വപ്‌ന ഇനം' എന്നാണ് വിശേഷിപ്പിക്കുന്നത്. മെസ്റ്റർ സെഫാലോട്ട്സ് ഏറ്റവും നിഗൂഢമായ ഉറുമ്പുകളിലൊന്നാണെന്ന് ജീവശാസ്ത്രജ്ഞനായ ഡിനോ മാർട്ടിൻസ് ബിബിസിയോട് പറഞ്ഞു. ഇവ വലിയ കോളനികൾ ഉണ്ടാക്കുകയും രസകരമായ പെരുമാറ്റങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. സൂക്ഷിക്കാൻ എളുപ്പമായ ഇവ ആക്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തിനാണ് ഉറുമ്പുകൾ
എന്തിനാണ് ഇത്തരത്തിൽ ഉറുമ്പുകളെ കടത്തുന്നതെന്നാണ് പലരുടെയും സംശയം. ഏഷ്യയിലും യൂറോപ്പിലും ഉറുമ്പ് കോളനികളെ വളർത്തുന്നത് വലിയ വിനോദമായി മാറിയിരിക്കുന്നു. ഉറുമ്പുകളുടെ സങ്കീർണമായ ജീവിതരീതി നിരീക്ഷിക്കാൻ ആളുകൾ ലക്ഷങ്ങൾ ചെലവാക്കുന്നു. രാജ്യാന്തര വിപണിയിൽ ഒരു റാണി ഉറുമ്പിന് ഏകദേശം 100 യുഎസ് ഡോളർ വരെ വില ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വാതരോഗം പോലുള്ള അസുഖങ്ങൾക്ക് പരിഹാരമായി ചെെനക്കാർ ഇവയെ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ശരീരത്തിലെ സൂക്ഷ്മാണുക്കൾക്ക് പുതിയതരം ഔഷധങ്ങൾ നിർമിക്കാനുള്ള കഴിവുണ്ടോ എന്നതിനെക്കുറിച്ച് രാജ്യാന്തര തലത്തിൽ പഠനങ്ങൾ നടക്കുന്നുണ്ട്. ഉറുമ്പിനെ കടത്തുന്നത് പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. 2023ലും ചെെന കേന്ദ്രീകരിച്ച് ഉറുമ്പ് വ്യാപരം നടക്കുന്നതായും റിപ്പോർട്ടുണ്ട്.
പരിസ്ഥിതിക്ക് തന്നെ വെല്ലുവിളി
എന്നാൽ ഉറുമ്പുകളെ കടത്തുന്നത് പ്രകൃതിക്ക് വളരെ ദോഷമാണെന്ന് വിദഗ്ധർ പറയുന്നു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തന്നെ ഇത് ബാധിക്കുന്നു. ഉറുമ്പ് കോളനികളുടെ നിലനിൽപ്പിന് ആധാരമായ റാണി ഉറുമ്പുകളെയാണ് കടത്തുകാർ ലക്ഷ്യം വയ്ക്കുന്നത്. ഇത് പുതിയ കോളനികൾ രൂപപ്പെടുന്നത് തടയും. ഹാർവെസ്റ്റർ ഉറുമ്പുകൾ കീസ്റ്റോൺ സ്പീഷീസുകളും ആവാസവ്യവസ്ഥയിലെ എൻജിനീയർമാരാണ്. അവ പുല്ലുകളുടെയും മറ്റ് സസ്യങ്ങളുടെയും വിത്തുകൾ ശേഖരിക്കുന്നു. ഇത് വിത്ത് വിതരണത്തിന് സഹായിക്കുന്നു. ഇത് വലിയ പുൽമേടുകൾ സൃഷ്ടിക്കാൻ സഹായിക്കുന്നുവെന്നും ഇവയുടെ നാശം പുൽമേടുകളെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. കൂടാതെ ഉറുമ്പുകൾ ഇല്ലാതായാൽ ഇവയെ ഭക്ഷണമാക്കുന്ന ഈനാംപേച്ചി, ആൻഡ്വാർക്കുകൾ എന്നിവയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നു.