മമതയുടെ തട്ടകത്തിൽ സുവേന്ദുവിന്റെ 'പൊഹലേ ബൊയ്സാഖി' ഷോ

Friday 17 April 2026 12:15 AM IST

മലയാളികളുടെ വിഷുദിനവും ബംഗാളി നവവർഷാരംഭമായ പൊഹലേ ബൊയ്സാഖിയായിരുന്ന ബുധനാഴ്ച ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി സുവേന്ദു അധികാരിയായിരുന്നു താരം. തന്റെ രണ്ടാം മണ്ഡലമായ ഭവാനിപ്പൂരിലാണ് സുവേന്ദു അന്ന് പ്രചാരണത്തിനായി ചെലവഴിച്ചത്. അതും മുഖ്യ എതിരാളി തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ വസതിക്കരികെ.

മമതയുടെ വസതി സ്ഥിതി ചെയ്യുന്ന ഹരീഷ് ചാറ്റർജി സ്‌ട്രീറ്റിനു സമീപത്തെ അംബേദ്‌കർ കോളനിയിലെ പരിപാടി 'പൊഹലേ ബൊയ്സാഖി' ബി.ജെ.പി ആഘോഷമാക്കി. നഗാഡ ചെണ്ടയുടെ അകമ്പടിയോടെ പരമ്പരാഗത മഞ്ഞ-ചുവപ്പ് കളർ സാരിയുടുത്ത,തലയിൽ പൂത്താലമേന്തിയ സന്താൾ ഗോത്ര വനിതകളുടെ നൃത്തം. കേരളത്തിലെ ശിങ്കാരിമേളത്തെ ഓർമ്മിപ്പിച്ച് ഢാക് ചെണ്ടയേന്തിയ വനിതാ സംഘം,ബാൻഡ് മേളത്തിനൊത്ത് ചുവടുവച്ച് കാവി വസ്‌ത്രമണിഞ്ഞ സ്‌ത്രീകളും പുരുഷൻമാരും അടങ്ങുന്ന പ്രവർത്തകർ. കൂട്ടത്തിൽ കല സുവ്വ (മുസ്ളിം തൊപ്പി) ധരിച്ച ചിലരുമുണ്ട്.

രണ്ടുമണിക്കൂർ വൈകി സുവേന്ദു എത്തിയപ്പോൾ വെയിലിന് ചൂടേറിയെങ്കിലും പ്രവർത്തകരുടെ ആവേശം അതുക്കുംമേലെ. അനൗൺസ്‌മെന്റ് വാഹനത്തിൽ നിന്ന് 'ഭവാനിപ്പൂരേ മുക്തി ദാവോ...സുവേന്ദു ദാക്കെ അംഗീകാർ ദവോ'(സുവേന്ദുവിനെ അംഗീകരിക്കൂ,ഭവാനിപ്പൂരിന് മുക്തി നൽകൂ) എന്ന പാട്ട്. കൊട്ടും മേളവും നൃത്തവും മുന്നിൽ,പിന്നിൽ പ്രവർത്തകർക്കൊപ്പം സുവേന്ദു റോഡിന് ഇരുവശവുമുള്ളവർക്ക് ചിഹ്നവും പേരുമുള്ള കാർഡ് നൽകി. പ്രായമായ സ്‌ത്രീകളുടെ കാലു തൊട്ട് അനുഗ്രഹം തേടി. നേതാവിനൊപ്പം ഫോട്ടോയെടുക്കാൻ യുവാക്കളുടെ കൂട്ടവും. തിരക്ക് നിയന്ത്രിക്കാൻ യന്ത്രത്തോക്കുമായി കേന്ദ്ര സേനാംഗങ്ങളുമുണ്ടായിരുന്നു.

തൃണമൂലിന് സ്വാധീനമുള്ളയിടമെത്തിയപ്പോൾ ഒരുകൂട്ടം യുവാക്കൾ 'ജയ് ബംഗള' മുദ്രാവാക്യവുമായി എത്തി. 'തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ താങ്കളെ ജനം വിശ്വസിക്കില്ലെന്ന്' പറഞ്ഞ യുവാവിന് സമീപം ചെന്ന് 'വികസനം വരാൻ ബി.ജെ.പി വരണമെന്ന്' വിശദീകരിച്ചു. അഞ്ച് മിനിട്ട് സംസാരിച്ച ശേഷം ആലിംഗനം. ജയ് ബംഗളാ വിളിക്ക് ബദലായി ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം വിളിച്ചപ്പോൾ പ്രകോപനം പാടില്ലെന്ന് സുവേന്ദു. ഭവാനിപ്പൂരിന് പുറമേ സിറ്റിംഗ് സീറ്റായ നന്ദിഗ്രാമിലും മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽ എല്ലാ മണ്ഡലങ്ങളും സന്ദർശിക്കേണ്ടതിനാൽ രണ്ടിടത്തും പ്രചാരണത്തിന് സമയം കുറവ്. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ തിരക്കിനിടെ കേരളകൗമുദിയോട് പറഞ്ഞു: ' മമത വീണ്ടും തോൽക്കും. ഭവാനിപ്പൂരിലും താമര വിരിയും. മമത 25,000-30,000 വോട്ടിന് തോൽക്കും.' 2021ൽ നന്ദിഗ്രാമിൽ 1956 വോട്ടിനാണ് സുവേന്ദു മമതയെ അട്ടിമറിച്ചത്. തുടർന്ന് ഭവാനിപ്പൂരിലെ തൃണമൂൽ എം.എൽ.എ സൊവൻദേബിനെ രാജിവയ്‌പിച്ച് ഉപതിരഞ്ഞെടുപ്പിലൂടെ മമത തിരഞ്ഞെടുക്കപ്പെട്ടു.