14കാരി പ്രസവിച്ചു,​ പിന്നാലെ പ്രായപൂർത്തിയാകാത്ത 'ഭർത്താവ്' പോക്സോ കേസിൽ അറസ്റ്റിൽ

Thursday 16 April 2026 9:22 PM IST

ന്യൂഡൽഹി ; 14കാരി പ്രസവിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 'ഭർത്താവി'നെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ പിത്തോറഗഡിലാണ് സംഭവം. മുൻസ്യാരി സ്വദേശികളാണ് പെൺകുട്ടിയും ആൺകുട്ടിയും. പിത്തോറഗഡിലെ ജില്ലാ ആശുപത്രിയിലാണ് പെൺകുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചത്. പ്രസവവേദനയെ തുടർന്ന് പെൺകുട്ടിയെ ആൺകുട്ടിയുടെ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിക്ക് 14 വയസ് മാത്രമേ ആയുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് മുൻസ്യാരി പൊലീസ് ആൺകുട്ടിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തത്.

പെൺകുട്ടിയുടെ അച്ഛൻ പൂനെയിൽ ഗാർഡായി ജോലി ചെയ്യുകയാണ്,​ അമ്മ ഉപേക്ഷിച്ചു പോയ പെൺകുിട്ടി മുൻസ്യാരിയിൽ രണ്ടാനമ്മയോടൊപ്പമാണ് താമസം. സ്കൂളിൽ വച്ചുണ്ടായ പ്രണയമാണ് പ്രായപൂർത്തിയാവുന്നതിനെ മുമ്പേയുള്ള വിവാഹത്തിലെത്തിയത്. കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി എന്നാണ് ഇവർ അവകാശപ്പെടുന്നത്. തുടർന്ന് പൂനെയിലേക്ക് താമസം മാറുകയായിരുന്നു. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ആൺകുട്ടി ജോലി ചെയ്യുന്നത്. ഇതിനിടയിലാണ് പെൺകുട്ടി ഗർഭിണിയായത്. ആൺകുട്ടി നിലവിൽ പൂനെയിലാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണെന്ന് മുൻസ്യാരി പൊലീസ് അറിയിച്ചു.