റോഡ് വെട്ടിപ്പൊളിച്ചുള്ള പൈപ്പിടൽ,​ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

Friday 17 April 2026 1:23 AM IST

നെയ്യാറ്റിൻകര: ടൗണിൽ കുടിവെള്ള ലഭ്യത ഇല്ലാതാക്കുന്ന തരത്തിൽ മാസങ്ങളായുള്ള റോഡ് വെട്ടിപ്പൊളിച്ചുള്ള പൈപ്പിടലിൽ പ്രതിഷേധവുമായി വ്യാപാരികളും നാട്ടുകാരും രംഗത്ത്. നെയ്യാറ്റിൻകര സംസ്ഥാനപാത ഉപരോധിക്കാനെത്തിയവരെ നെയ്യാറ്റിൻകര പൊലീസ് തടഞ്ഞു. കൂടുതൽ പണിക്കാരെ നിയമിച്ച് ഉടൻ പണി പൂ‌ർത്തിയാക്കാമെന്ന ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ഉറപ്പിന്മേൽ നാട്ടുകാർ പിരിഞ്ഞുപോയി.

കാളിപ്പാറ പദ്ധതിയിൽ നിന്നുമെത്തിക്കുന്ന ജലം വാട്ടർഅതോറിട്ടിയുടെ ഗ്രാമം ജംഗ്ഷനിലെ ട്രീറ്റ്മെന്റ് പ്ളാന്റ് വഴി നെയ്യാറ്റിൻകര കോടതി റോഡിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനിലൂടെയാണ് ടൗണിലും പരിസരത്തും ശുദ്ധജലമെത്തിക്കുന്നത്. പി.ഡബ്ല്യു.ഡി അധികൃത‌ർ പുതുതായി ടാറിട്ട കോടതി റോഡ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വാട്ടർ അതോറിട്ടി വെട്ടിപ്പൊളിച്ചു. നാല് മാസം കഴിഞ്ഞിട്ടും പൈപ്പ് ഇടുകയോ റോഡ് പുനർനവീകരിക്കുകയോ ചെയ്തില്ല. ഇതോടെ കോടതി റോഡ് വഴിയുള്ള ഗതാഗതവും തടസപ്പെട്ടു.

നെയ്യാറ്റിൻകര സി.ഐയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും കരാറുകാരുമായി ഒത്തുതീ‌ർപ്പ് ച‌ർച്ച നടത്തി. കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് മഞ്ചന്തല സുരേഷ്, സെക്രട്ടറി ആന്റണി അലൻ, ശ്രീധരൻ നായർ, സതീഷ് ശങ്കർ, വിജയ്, രാധാകൃഷ്ണൻ, വരുൺ കുമാർ ജയൻ, അഡ്വ.സദാശിവൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നെയ്യാറ്റിൻകര എസ്.എച്ച്.എസ്.ഒ പ്രദീപിന്റെ നേതൃത്വത്തിൽ ച‌‌‌ർച്ച നടത്തിയത്.

നിർദ്ദേശങ്ങളും പാലിക്കപ്പെട്ടില്ല

റോഡ് സ‌ഞ്ചാരയോഗ്യമാക്കണമെന്ന നെയ്യാറ്റിൻകര കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ നടത്തിയ നിർദ്ദേശങ്ങളും പാലിക്കപ്പെട്ടില്ല. അതിനിടെ വീണ്ടും കഴിഞ്ഞയാഴ്ച പൈപ്പ് ലൈൻ പൊട്ടിയതോടെ കഴിഞ്ഞ ഒരാഴ്ചക്കാലമായി നെയ്യാറ്റിൻകരയിൽ കുടിവെള്ള വിതരണം നിലച്ചു. ഇതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധങ്ങളും ഫലം കണ്ടില്ല. തുട‌ർന്നാണ് ഇന്നലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ റോഡ് ഉപരോധിക്കാനെത്തിയത്.