സി.ബി.എസ്.ഇ പത്തിൽ കേരളം വീണ്ടും മുന്നിൽ വിജയം 99.79%
കൊച്ചി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല 99.79 % വിജയത്തോടെ ദേശീയതലത്തിൽ തുടർച്ചയായ 12-ാം വട്ടവും ഒന്നാം സ്ഥാനത്തെത്തി. ഇക്കുറി വിജയവാഡയും ഒന്നാം സ്ഥാനം പങ്കിട്ടു.
തിരുവനന്തപുരം മേഖലയിൽ 33,215 ആൺകുട്ടികളും 33,307 പെൺകുട്ടികളും ഉൾപ്പെടെ 66,522 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 66,427 പേർ തുടർപഠനത്തിന് അർഹരായി.
പത്താം ക്ലാസിൽ ഇക്കൊല്ലം മുതൽ രണ്ടു ബോർഡ് പരീക്ഷയുണ്ട്. ഒന്നാം പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് മേയിൽ നടത്തുന്ന രണ്ടാം പരീക്ഷ എഴുതി വിജയിക്കാനാകും. ആദ്യ പരീക്ഷയിൽ ലഭിച്ച മാർക്ക് ഉയർത്താൻ താത്പര്യമുള്ളവർക്കും രണ്ടാം പരീക്ഷ എഴുതാം. കൂടുതൽ ലഭിക്കുന്ന മാർക്കാണ് പരിഗണിക്കുക.
രണ്ടാം പരീക്ഷയ്‌ക്കുശേഷമേ ഗ്രേഡ് അടക്കമുള്ള വിശദമായ മാർക്ക് ഷീറ്റ് ലഭിക്കൂവെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു.