ഡിജിറ്റൽ ഇന്ത്യ; പുത്തൻ സാമ്പത്തിക ശാക്തീകരണം
21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഉയർച്ചയ്ക്ക് ഏറെ വിപ്ലവകരവും പരിവർത്തനോന്മുഖവുമായ പങ്കുവഹിച്ചത് രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലുണ്ടായ മാറ്റമല്ലാതെ മറ്റൊന്നല്ല. സാമ്പത്തിക മേഖലയിൽ ആഭ്യന്തരമായി രൂപകല്പന ചെയ്ത സംവിധാനം ഇന്ന് ആഗോള തലത്തിൽ സാങ്കേതികത്തികവോടെ പരിലസിക്കുന്ന അനുഭവമാണ്. ഈ മാറ്റത്തിന്റെ പിന്നിൽ നാം തദ്ദേശീയമായി വികസിപ്പിച്ച രണ്ടു നവീന മാർഗങ്ങളാണുള്ളത്. ഒന്ന് യു.പി.ഐയും മറ്റൊന്ന് റൂപേ സംവിധാനവും. ഇതു രണ്ടും പണമിടപാടുകൾക്കുള്ള കേവല സംവിധാനം എന്നതിലുപരി നമ്മുടെ പരമാധികാരത്തിന്റെയും വൈപുല്യത്തിന്റേയും നേതൃപരതയുടേയും കാഴ്ചപ്പാടിന് തെളിവായി മാറിയിരിക്കുകയാണ്.
പതിറ്റാണ്ടുകളായി ആഗോള സമ്പദ് സംവിധാനം ബഹുരാഷ്ട്രാ ഭീമൻമാർ കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. ഇത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നവരാകട്ടെ, സാമ്പത്തിക - തന്ത്ര പ്രധാന രംഗങ്ങളിലെല്ലാം നിർണായക ശക്തികളുമായിരുന്നു. ഇന്ത്യ പക്ഷെ വ്യത്യസ്തമായ ഒരു പാത തെരഞ്ഞടുത്തു. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ യു.പി.ഐ സംവിധാനം ആവിഷ്കരിച്ചതോടെ, പണമിടപാടുകൾ കേവലമായി ഡിജിറ്റൽവൽക്കരിക്കുക മാത്രമല്ല, അതിനെ പുന:സംവിധാനം ചെയ്യുകയാണുണ്ടായത്.
യു.പി.ഐ ആശയപരമായി ലളിതമാണ്. എന്നാൽ അതിന്റെ സ്വാധീനം ഒട്ടും ചെറുതല്ല. ഒരു മൊബൈൽ ഉപയോഗിച്ച് ബാങ്കുകൾക്കിടയിൽ വേഗത്തിലും കുറഞ്ഞ നിരക്കിലും പണമിടപാടുകൾ സാധ്യമാക്കുന്നു. ആർക്കും സ്വായത്തമാക്കാവുന്ന സംവിധാനം എന്നതുകൊണ്ടാണ് ഇത് പരിവർത്തനോന്മുഖമാകുന്നത്. തെരുവു കച്ചവടക്കാർ മുതൽ വൻസംരംഭകർ വരെ. നഗര കേന്ദ്രീകൃത പ്രൊഫഷണലുകൾ മുതൽ ഗ്രാമീണ വീടുകൾ വരെ ഈ സംവിധാനം ഉപയോഗിക്കുക വഴി സാമ്പത്തിക ഇടപാടുകൾ ജനാധിപത്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ മുന്നേറ്റം സാവകാശമാണ്. ഇന്ത്യ ഇപ്പോൾ വർഷം തോറും യു.പി.ഐ. ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തുന്നുണ്ട്. ഇത് യഥാർത്ഥ പണമിടപാടുകളുടെ നിർണായക പങ്കാണ്. അക്കങ്ങൾക്കപ്പുറം, ആഴത്തിലുള്ള മാറ്റം പ്രകടമാണ്. കേവലം ഒരു സൗകര്യം എന്നതിനപ്പുറം, ഇത് ദൈനംദിന സാമ്പത്തിക നടപടികളുടെ നട്ടെല്ലായി മാറിയിരിക്കുകയാണ്. ഇതിനെ കൂടുതൽ ബലപ്പെടുത്തുന്നതാണ് റൂപേ സംവിധാനം.
ആഗോള ഭീമൻമാർക്കെതിരെ ഇന്ത്യ തന്നെ വികസിപ്പിച്ചെടുത്ത സംവിധാനമാണിത്. ഇത് നമ്മുടെ സ്വയം പര്യാപ്തതയുടെ അടയാളമായി മാറിയിട്ടുമുണ്ട്. റൂപേ വഴിയുള്ള ഇടപാടുകളിൽ ഡാറ്റയും അതിന്റെ സംസ്‌കരണവും ഇടപാടുകളുടെ പൂർത്തീകരണവുമൊക്കെ നമ്മുടെ ദേശീയ സംവിധാനത്തിലാണ് എന്നതുകൊണ്ട് സുരക്ഷയും സ്വയംഭരണാധികാരവും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനേക്കാളും പ്രധാനമായി റൂപേയുടെ എത്തിപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയതു കൊണ്ട് ദശലക്ഷണക്കിനാളുകളെ ഇതിലേക്ക് കൊണ്ടു വരാൻ കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ യു.പി.ഐ യും റൂപേയും സംയോജിപ്പിച്ചതിലൂടെ പരമ്പരാഗത പണമിടപാടുകളും ഡിജിറ്റൽ ഇടപാടുകളും തമ്മിലെ വേർതിരിവ് കുറച്ചു കൊണ്ടുവരാനും ആത്യന്തികമായി എല്ലാവരേയും ഉൾക്കൊള്ളുന്ന പണമിടപാടു സംവിധാനം സാക്ഷാത്കരിക്കാനും കഴിഞ്ഞിട്ടുണ്ട്.
യു.പി.ഐയും റൂപേയും കേവലം പണമിടപാടുകൾക്കുള്ള ഉപകരണങ്ങൾ മാത്രമല്ല, അവ നയത്തിന്റെ ഭാഗമാണ്. അവ പണമിടപാട് നേരിട്ടു നടത്താൻ സഹായിക്കുന്നു. ചോർച്ച ഒഴിവാക്കുന്നു . ഒപ്പം ക്ഷേമപ്രവർത്തനങ്ങൾ കുറ്റമറ്റ നിലയിൽ യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തിച്ചേരുന്നു. ഇതു വഴി ഭരണ സംവിധാനം തന്നെ പുന: സംവിധാനം ചെയ്യപ്പെടുന്നു.
ഈ സംവിധാനങ്ങളുടെ പ്രസക്തി യഥാർത്ഥത്തിൽ ഇന്ത്യയുടെ അതിർത്തികൾക്കും അപ്പുറമാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ എല്ലാ വിഭാഗം ആളുകളേയും സാമ്പത്തിക ഇടപാടുകളിൽ ഉൾച്ചേർക്കാൻ ബദ്ധപ്പെടുമ്പോൾ ഇന്ത്യ ഇക്കാര്യത്തിൽ ഒരു മാതൃക തന്നെ സൃഷ്‌ടിച്ചിരിക്കുകയാണ്. ഏഷ്യയിലേയും ആഫ്രിക്കയിലേയും യൂറോപ്പിലെയുമൊക്കെ ചില രാജ്യങ്ങൾ യു.പി.ഐ പോലുള്ള സംവിധാനങ്ങൾ രൂപപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യ മാതൃക സൃഷ്‌ടിച്ചിരിക്കുന്നത്. ഇവിടെയാണ് ഇന്ത്യയുടെ ഉയർച്ച പ്രകടമാകുന്നത്. പരമ്പരാഗത ശക്തികൾ പലരും മൂലധനവും സൈനിക ശക്തിയും മറ്റു രാജ്യങ്ങളിൽ വിന്യസിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ത്യ പൊതു ഡിജിറ്റൽ സംവിധാനമാണ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു കൊണ്ടിരിക്കുന്നത്. സാങ്കേതിക വിദ്യ അരങ്ങു വാഴുന്ന ഈ ഘട്ടത്തിൽ ഇന്ത്യയുടേത് വലിയ സ്വാധീനമുണ്ടാകുന്ന ഒന്നാണ്. യു.പി.ഐയുടെ സാർവദേശീയവത്ക്കരണം നടന്നുവരികയാണ്. ഈ സന്ദർഭത്തിൽ ആഗോള സാമ്പത്തികരംഗത്ത് ഇന്ത്യ വെറും പങ്കാളിയല്ലാ മറിച്ച് അതിന്റെ ഭാവിയുടെ ശില്പിയായി സ്ഥാനപ്പെടുത്തിയിരിക്കുകയാണ്.
ഈ മാറ്റം ഇന്ത്യയുടെ പദവിയെത്തന്നെ പുന:ക്രമീകരിച്ചിരിക്കുന്നു. വർഷങ്ങളായി ഇന്ത്യയുടെ സാധ്യതകളെപ്പറ്റിയാണു പറഞ്ഞു കൊണ്ടിരുന്നതെങ്കിൽ, ഇന്ന് ഇന്ത്യക്ക് എന്തു നൽകാൻ കഴിയും എന്നതിലേക്ക് മാറിയിരിക്കുന്നു. ഡിജിറ്റൽ ഇന്ത്യയുടെ വിജയം നവീകരണത്തിലൂടെയും നിർവഹണത്തിലൂടെയും രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെയും ഭരണരംഗത്തെ വെല്ലുവിളികൾ നേരിടാൻ കഴിയുമെന്നും തെളിയിക്കുന്നു. ഇതിന് ആഴത്തിലുള്ള നയതന്ത്രജ്ഞതയുടെ മാനവുമുണ്ട്. ഡാറ്റ നിർണായക ശക്തിയായി മാറിയ സന്ദർഭത്തിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഏറെ സാംഗത്യമുണ്ട്. സ്വന്തമായി ഈ സംവിധാനം വികസിപ്പിച്ചെടുത്തതിലൂടെ അടിസ്ഥാന സാമ്പത്തിക ഇടപാടുകൾക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിൽ നിന്നു മോചിതമാകാനും ഇന്ത്യക്കു കഴിഞ്ഞു. ഇത് നമ്മുടെ ദേശീയ സുരക്ഷിതത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇതേ സമയം തന്നെ ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനത്തിന്റെ തുറന്ന സമീപനത്തിന് സവിശേഷ പ്രാധാന്യമുണ്ട്. യു.പി.ഐ. രൂപപ്പെടുത്തിയിട്ടുള്ളത് സഹവർത്തിത്വത്തിന്റെയും പരസ്പര പ്രവർത്തനക്ഷമതയുടെയും അടിസ്ഥാനത്തിലാണ്. ഇത് ബാങ്കുകളേയും സാമ്പത്തിക സ്ഥാപനങ്ങളേയും ഉപയോക്താക്കളേയും പരസ്പര പൂരകമായ ചട്ടക്കൂടിൽ കൊണ്ടുവരുന്നു. ഇതാണ് ഇന്ത്യൻ സംവിധാനത്തിന്റെ മാതൃക. സംരംഭകത്വത്തിലുള്ള സ്വാധീനവും തുല്യ പ്രാധാന്യമുള്ളതാണ്. ഈ സംവിധാനത്തിൽ ആയാസരഹിതമായി കടന്നു വരാൻ കഴിയുന്നതു മൂലം ധാരാളം പുതു തലമുറ ബിസിനസ് സംരംഭങ്ങൾ ഉയർന്നുവന്നിട്ടുമുണ്ട്. ചെറുകിട കച്ചവടക്കാർക്കാകട്ടെ ഉപഭോക്താക്കളുമായും, വായ്പാ സംവിധാനവുമായും വിപണിയുമായും ബന്ധപ്പെടാനും സൗകര്യമുണ്ടാകുന്നു. സ്റ്റാർട്ടപ്പുകൾക്ക് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളിൽത്തന്നെ നവീകരണ സാധ്യതയും ലഭിക്കുന്നു.
സാധാരണക്കാർക്ക് ഈ മാറ്റം കൂടുതൽ തൊട്ടറിയാൻ കഴിയുന്നു . വെറുമൊരു സ്കാൻ വഴി പണമിടപാടുകൾ പെട്ടെന്നു സാധ്യമാക്കുന്നു. സാമ്പത്തിക ഇടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതമായും സുതാര്യമായും നടത്താൻ സഹായിക്കുന്നു. ലക്ഷക്കണക്കിനാളുകളെ സംബന്ധിച്ച് ഇതു സൗകര്യത്തിന്റെ മാത്രം പ്രശ്‌നമല്ല മറിച്ച് അന്തസ്സിന്റെയും ആധുനിക സമ്പദ്ഘടനയിൽ ഇടപെടാൻ കഴിയുന്നതിന്റെയും പ്രശ്‌നം കൂടിയാണ്.
ഈ ആവേഗം നിലനിർത്തുക എന്നതാണ് ഇനിയുള്ള ഇന്ത്യയുടെ വെല്ലുവിളി. സൈബർ സുരക്ഷയും ഡാറ്റാ സംരക്ഷണവും ആഗോള തലത്തിൽ പരസ്പരാശ്രിതത്തോടെയുള്ള പ്രവർത്തനവുമൊക്കെ സജീവ ശ്രദ്ധ വേണ്ട കാര്യങ്ങളാണ്. ഇതിന് നമ്മുടെ അടിത്തറ ബലിഷ്ഠമാണ്. യു.പി.ഐ, റുപേ എന്നിവയിലെ ഇന്ത്യയുടെ വിജയം ഈ രംഗത്ത് ലോക നിലവാരം സൃഷ്‌ടിക്കാനും ലോകത്തെത്തന്നെ നയിക്കാനുമുള്ള രാജ്യത്തിന്റെ ശേഷി കൂടി പ്രകടിപ്പിക്കുന്നുണ്ട്. ഇതെല്ലാം നമ്മുടെ വിശാലമായ ദേശീയ കാഴ്ചപ്പാടിന് ഉദാഹരണമാണ്. ഇത് ഇന്ത്യ കേവലം മുന്നേറുന്നു എന്നല്ല മറിച്ച് മുന്നേറ്റത്തിന്റെ ഗതി നിയന്ത്രിക്കുന്നു എന്നാണ്.