വാട്ടർ അതോറിറ്റിയുടെ പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച നാല് പ്രതികൾ അറസ്റ്റിൽ
കയ്പമംഗലം : എടത്തിരുത്തി പഞ്ചായത്തിലെ വാട്ടർ അതോറിറ്റി മെയിന്റനൻസ് ജോലികൾക്കായെത്തിച്ച ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന കാസ്റ്റ് അയൺ സ്‌പെഷ്യൽസ് മോഷ്ടിച്ച കേസിൽ ചെന്ത്രാപ്പിന്നി ഈരാറ്റു വീട്ടിൽ ഗോകുൽ (36), ഭഗവതിപറമ്പിൽ വീട്ടിൽ സന്ദീപ് (41) എന്നിവരെയും മോഷണമുതൽ വാങ്ങിയ ആക്രിക്കട ഉടമകളായ വലപ്പാട് കഴിമ്പ്രം പുതുവീട്ടിൽ അനിൽ (46), തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി കാളിമുത്തു (57) എന്നിവരെയും റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോകുൽ, സന്ദീപ് എന്നിവർ ചേർന്ന് മോഷ്ടിച്ച കാസ്റ്റ് അയൺ സ്‌പെഷൽസ് അനിൽ, കാളിമുത്തു എന്നിവരുടെ ആക്രിക്കടകളിലാണ് വിറ്റിരുന്നത്. തൃശൂർ റൂറൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ കടകളിൽ നിന്നും മോഷണമുതൽ കണ്ടെത്തി. മോഷണം പോയ സാധനങ്ങളാണെന്ന് അറിഞ്ഞുകൊണ്ട് ഇവ വാങ്ങിയതിനാണ് അനിലിനെയും കാളിമുത്തുവിനെയും പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.
ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കയ്പമംഗലം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ ബിജിത്ത്, എസ്.ഐ ഫാതിൽ റഹ്മാൻ, ജി.എസ്.ഐ ജെയ്‌സൻ, ജി.എ.എസ്.ഐമാരായ ജോബി, രമേഷ്, ജി.എസ്.സി.പി.ഒമാരായ സുനിൽ കുമാർ, ജോസഫ്, സിനോജ്, റഹിം, സി.പി.ഒ ശരത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.