പാസാകുമോ വനിതാ ബിൽ; ലോക്സഭയിൽ അവതരിപ്പിച്ചു, ഇന്ന് വൈകിട്ട് 4ന് വോട്ടെടുപ്പ്

Friday 17 April 2026 12:04 AM IST

ന്യൂഡൽഹി: പ്രതിപക്ഷ എതിർപ്പിനിടെ വനിതാസംവരണ ഭേദഗതി, മണ്ഡല പുനർനിർണയ ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും പാസാകുമോ എന്നതിൽ സസ്പെൻസ്. ഇന്ന് വൈകിട്ട് നാലിനാണ് വോട്ടെടുപ്പ്.

ഭരണഘടനാ ഭേദഗതി ബില്ലായതിനാൽ പാസാകാൻ വേണ്ടത് സഭയിൽ ഹാജരുള്ള മൂന്നിൽരണ്ട് അംഗങ്ങളുടെ പിന്തുണ. പ്രതിപക്ഷാംഗങ്ങൾ ഒന്നിച്ചുനിന്നാൽ പാസാക്കുക പ്രയാസം. എന്നാൽ, എം.പിമാരുടെ എണ്ണം കൂടുതലുള്ള പ്രതിപക്ഷത്തെ ചില കക്ഷികൾ വിട്ടുനിന്നാൽ പാസാകും. അതിനുള്ള ശ്രമങ്ങൾ ഭരണപക്ഷം നടത്തുന്നതായി സൂചനയുണ്ട്.

ലോക്സഭയിലും നിയമസഭകളിലും 33% വനിത സംവരണം നടപ്പാക്കുന്നതിനും മണ്ഡ‌ല പുനർനിർണയത്തിനും കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള ബില്ലുകളാണ് അവതരിപ്പിച്ചത്. വനിതാ സംവരണം നടപ്പാക്കുന്നതിലൂടെ മണ്ഡല പുനർനിർണയം ഒളിച്ചു കടത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുമെന്നും കുറ്റപ്പെടുത്തി.

ബില്ല് അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിർത്തതോടെ വോട്ടിനിട്ടു. 251നെതിരെ 185 വോട്ടുകൾക്ക് അവതരണാനുമതി ലഭിച്ചു. കോൺഗ്രസ് (98അംഗങ്ങൾ)​,​ സമാജ്‌വാദിപാ‌ർട്ടി (37)​,​ തൃണമൂൽ (28)​,​ ഡി.എം.കെ (22)​ എന്നിവയാണ് പ്രതിപക്ഷത്തെ പ്രധാനകക്ഷികൾ. ഡി.എം.കെ എം.പിമാരും കേരളത്തിലെ ആന്റോ ആന്റണിയും കറുത്ത വസ്ത്രമണിഞ്ഞാണ് സഭയിലെത്തിയത്.

പാസാക്കാൻ

വേണം 360 വോട്ട്

ലോക്സഭയിൽ നിലവിലുള്ളത് 540 അംഗങ്ങൾ (ആകെ 543)

ബിൽ പാസാകാൻ വേണ്ടത് 360 വോട്ട്

എൻ.ഡി.എയ്‌ക്ക് 292 അംഗങ്ങൾ

പ്രതിപക്ഷത്തിന് 232, മറ്റുള്ളവർ 16

'കേരളത്തിൽ 30 സീറ്റ്' ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്‌സഭയിലെ ശക്തി കുറയില്ല, കൂടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണ്ഡല പുനർനിർണയത്തിലൂടെ 50% ലോക്‌സഭാസീറ്റുകൾ വർ‌ദ്ധിപ്പിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 129 സീറ്റുകൾ 195 ആകും. സഭയിലെ പ്രാതിനിദ്ധ്യം 23.76 നിന്ന് 23.97%ആകും കേരളത്തിലേത് 20ൽനിന്ന് 30 ആകും (3.68ൽ നിന്ന് 3.67%) തമിഴ്നാട്ടിലേത് 39ൽനിന്ന് 59 (7.18ൽ നിന്ന് 7.23%).

ഒറ്റക്കെട്ടായി ബിൽ പാസാക്കിയാൽ ജനാധിപത്യത്തിന് നേട്ടമാകും. എതിർത്താൽ രാഷ്ട്രീയ നേട്ടം എനിക്ക് ലഭിക്കും. എനിക്ക് ക്രെഡിറ്ര് വേണ്ട. എല്ലാവരുടെയും ഫോട്ടോ വച്ച് ഹോർഡിംഗ്സ് തയ്യാറാക്കാം

-പ്രധാനമന്ത്രി നരേന്ദ്രമോദി