16കാരിയെ കൊലപ്പെടുത്തി യുവാവ് മരിച്ച സംഭവം: കിണറ്റിൽ നിന്നും മൂന്ന് ഫോണുകൾ കണ്ടെത്തി

Friday 17 April 2026 1:13 AM IST

കോഴിക്കോട്: മാതാവിന്റെ സഹോദരിയുടെ മകളായ പതിനാറുകാരിയെ ഷാളുചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടു ത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീട്ടിലെ കിണറ്റിൽ നിന്നും മൂന്ന് ഫോണുകൾ കണ്ടെത്തി. കൊല്ലപ്പെട്ട ചെലവൂർ, മൂഴിക്കൽ പൂതംകുഴിയിൽ നിസാർ-റംസീന ദമ്പതികളുടെ മകൾ നസ്രീന (16)യുടേയും കൊലയ്ക്കുശേഷം ആത്മഹത്യ ചെയ്‌തെന്ന് കരുതപ്പെടുന്ന നല്ലളം മാവത്തിനിലം കെ.പി ഹോമിൽ അഷറഫ്-അസീന ദമ്പതികളുടെ മകൻ അദിനാന്റേയും (20) ഫോണുകളാണ് പൊലീസ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. രണ്ട് ഫോണുകൾ നസ്രീനയുടേതാണ്. രണ്ടുപേരും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കിണറ്റിലെങ്ങനെ ഫോൺകണ്ടെത്തിയെന്നത് പൊലീസിനെ കുഴയ്ക്കുന്ന ചോദ്യമാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഫോണടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും പൊലീസ് പറഞ്ഞു. ചേവായൂർ പൊലീസ് എസ്.എച്ച്.ഒ മഹേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നസ്രീനയെ കൊന്ന ശേ ഷം അദിനാൻ ജീവനൊടുക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നസ്രീനയുടെ മാതാവിന്റെ ഇളയ സഹോദരി ഹസീനയുടെ മകനാണ് അദിനാൻ. നസ്രീനയുടേത് ശ്വാസംമുട്ടി മരണമാണെന്നാണ് പ്രഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 14ന് പുലർച്ചെ 5.45 നാണ് നാടിനെ നടുക്കിയ സംഭവം. നല്ലളത്തെ വീട്ടിൽ നിന്ന് മൂഴിക്കലിലെ തറവാട്ട് വീട്ടിൽ അദിനാൻ തിങ്കളാഴ്ച രാത്രി ഏഴോടെ ആരും കാണാതെ എത്തി. ഈ സമയം വീട്ടുകാർ മുൻവശത്തായിരുന്നു. അടുക്കള ഭാഗത്തെത്തിയ അദിനാൻ കള്ളത്തക്കോലിട്ട് വാതിൽ തുറന്നു. ഈ ഭാഗത്തെ സി.സി.ടി.വി തിരിച്ചുവച്ചശേഷം അകത്തു കയറി മുകളിലെ നിലയിൽ ഒളിച്ചിരിക്കുകയുമായിരുന്നു. പുലർച്ചെ 5.45 ഓടെ നസ്രീനയെ കൊലപ്പെടുത്തിയശേഷം പുറത്തിറങ്ങാനാവാതെ ബുദ്ധിമുട്ടിയപ്പോൾ ഒരു മുറിക്കുള്ളിൽ പ്ലാസ്റ്റർ കൊണ്ട് വായ മൂടിക്കെട്ടി കിടക്കുകയും പൊലീസെത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചതായുമാണ് നിലവിലുള്ള വിവരം.