കമലിനും പ്രേമലതയ്‌ക്കുമൊപ്പം സ്റ്റാലിന്റ മാസ് എൻട്രി; തലൈവർ പടൈ വര്ത്

Friday 17 April 2026 12:29 AM IST

ഉരുക്കിന്റെ നാടായ സേലത്തെ അണ്ണാ പാർക്കിൽ ചെണ്ടമേളവും ബാൻഡ് മേളവും ഉച്ചത്തിലായി. കറുപ്പും ചുവപ്പും നിറത്തിലുള്ള ബലൂണുകളുമായി സേലം ദേശീയ പാത നിറഞ്ഞൊഴുകിയ സ്ത്രീകൾ 'സ്റ്റാലിൻ സാർ വരുവാര്..." എന്ന് ഉറക്കെ വിളിച്ചു. സാക്ഷാൽ കമലഹാസൻ പാടിയ ഗാനം മുഴങ്ങി. 'പടൈ വര്ത്,തലൈവർ പടൈ വര്ത്..." ഡ്രോണുകൾ ഉയർന്നു പറന്നു. ആദ്യത്തെ കാറിൽ നിന്ന് ഡി.എം.ഡി.കെ ജനറൽ സെക്രട്ടറിയും ക്യാപ്ടൻ വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലതയും കമലഹാസനും ഇറങ്ങി. പിന്നാലെ എം.കെ. സ്റ്റാലിന്റെ മാസ് എൻട്രി.

കരുണാനിധി പ്രതിമയ്ക്ക് മുന്നിൽ മൂവരുടേയും പുഷ്പാ‌ർച്ചന. പിന്നെ ജനക്കൂട്ടത്തിനു നടുവിലേക്ക്. കൈകൂപ്പി വോട്ടുകൾ ചോദിച്ച് നടത്തം. വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടുവരെ കാത്തിരുന്ന ജനസാഗരം ഇരമ്പി. ആദ്യമായാണ് സ്റ്റാലിൻ ഇങ്ങനെയാരു പദയാത്ര നടത്തുന്നത്. ഒരു കിലോമീറ്ററിലധികം ദൂരമുള്ള സമ്മേളന വേദിയിലേക്ക് മൂവരും നടക്കുമ്പോൾ പുരുഷാരം പിന്തുടരുന്നുണ്ടായിരുന്നു. ജനം ആർത്തിരമ്പിയ സമ്മേളന വേദിയിൽ സ്റ്റാലിൻ കേന്ദ്ര സർക്കാരിനേയും അണ്ണാ ഡി.എം.കെയേയും ആക്രമിച്ചു.

വനിതാ സംവരണത്തിന് ഞങ്ങൾ എതിരല്ല. മണ്ഡല പുനർനിർണയത്തിനാണ് എതിര്. ഡി.എം.കെ സർക്കാർ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നു. വനിതാ സംവരണത്തോട് സ്റ്റാലിന് ഇഷ്ടമല്ലെന്ന് ഇ.പി.എസ് പറയുന്നു. വനിതാ സംവരണം എന്താണെന്ന് ഇ.പി.എസ് അറിയുന്നതിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ അത് നടപ്പാക്കിയത് കരുണാനിധിയായിരുന്നു. ബി.ജെ.പി അത് മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ച് നടപ്പിലാക്കുന്നതാണ് പ്രശ്നം. 'ഇ.പി.എസ് ഭീരുവും അടിമയുമായി തുടർന്നാൽ,ചരിത്രം മാപ്പ് നൽകില്ല. അവസാനമായി ഒരു തവണയെങ്കിലും അദ്ദേഹം ബി.ജെ.പിക്കെതിരെ സംസാരിക്കണം. സേലത്ത് ജനിച്ച അദ്ദേഹം എന്തിനാണ് ഡൽഹിക്ക് മുന്നിൽ പുറം വളയ്ക്കുന്നത്? നിങ്ങൾ ഒരു തമിഴനാണോ? തമിഴ്നാടിനെ ഒറ്റിക്കൊടുക്കാൻ നിങ്ങൾക്ക് കഴിയുമോ?"-സ്റ്റാലിൻ ചോദിച്ചു.