കനത്ത ചൂടിൽ പൊള്ളുന്ന കേരളം
സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി ഉയരുന്നത് വൈദ്യുതി ഉപഭോഗത്തിന്റയും ആരോഗ്യ സംരക്ഷണത്തിന്റെയും കാര്യങ്ങളിൽ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ്. ഓരോ ദിവസവും താപനിലയും വൈദ്യുതി ഉപഭോഗവും റെക്കാഡുകൾ ഭേദിച്ചാണ് കുതിക്കുന്നത്. വരുംദിവസങ്ങളിലും ചൂട് ഇനിയും കൂടിയേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ദിവസങ്ങളുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം തുടങ്ങി ഒൻപത് ജില്ലകളിൽ ചൂട് 35-നും 40-നും ഇടയിൽ ഉയരാൻ സാദ്ധ്യതയുള്ളതായും റിപ്പോർട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇടുക്കി, വയനാട് തുടങ്ങിയ മലയോര മേഖലകളൊഴികെ എല്ലായിടത്തും അസ്വസ്ഥത ഉളവാക്കുന്ന ഉഷ്‌ണമാണ് തുടരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി 5933 മെഗാവാട്ട് ആയി. വീടുകളിലും ഓഫീസുകളിലും ഫാൻ, എ.സി, കൂളർ തുടങ്ങിയവയുടെ അമിതോപയോഗമാണ് ഉപഭോഗം കുതിച്ചുയരാൻ ഇടയാക്കിയത്. പീക്ക് സമയത്തെ വർദ്ധന കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. വൈകിട്ട് ആറു മുതൽ രാത്രി 11 വരെയുള്ള സമയത്താണ് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതൽ. ഈ സമയത്തെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ ലോഡ്‌ഷെഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി അധികൃതർ കരുതുന്നു. നിലവിലെ ഉയർന്ന നിരക്കിൽ അധിക വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാൽ വരുംമാസങ്ങളിൽ വൈദ്യുതി നിരക്കുപോലും ഉയർത്തേണ്ട സ്ഥിതി ഉണ്ടായേക്കാം. ഇനി വൈദ്യുതി നിരക്ക് ഉയർത്തിയില്ലെങ്കിൽ തന്നെ ഈ വേനൽ മാസങ്ങളിൽ എ.സിയും മറ്റുമുള്ള വീടുകളിലെ വൈദ്യുതി ബില്ല് ഷോക്കടിപ്പിക്കുന്നതായിരിക്കും.
ഇന്ധന, പാചക വാതക വിലവർദ്ധനയിലും ക്ഷാമത്തിലും പലതരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാധാരണ ജനങ്ങൾക്ക് വൈദ്യുതി പ്രതിസന്ധി മറ്റൊരു ഇരുട്ടടിയായി മാറുകയാണ്. ഏപ്രിലിൽ സാധാരണ ലഭിക്കുന്ന വേനൽമഴ ഇത്തവണ ലഭിക്കാത്തതാണ് ചൂട് അസഹനീയമാകാൻ ഇടയാക്കുന്നത്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷം ഇത്തവണ കുറയാനാണ് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന 'എൽനിനോ" പ്രതിഭാസം ജൂൺ - ജൂലായ് മാസങ്ങളിൽ രൂപപ്പെടാനിടയുണ്ടെന്നും ഇത് രാജ്യത്താകെ ലഭിക്കേണ്ട മഴയുടെ അളവിൽ കുറവു വരുത്തുമെന്നുമാണ് പ്രവചനം. ഇത്തരം പ്രവചനങ്ങളെ അട്ടിമറിച്ചുകൊണ്ട് മഴ നല്ല രീതിയിൽ ലഭിച്ചിട്ടുള്ള സന്ദർഭങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ളത് ചെറിയ പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.
സംസ്ഥാനത്ത് ഉഷ്ണതരംഗം നിലനിൽക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണ്. കടുത്ത ചൂടുള്ള ഉച്ചനേരങ്ങളിൽ തൊപ്പിയും സൺഗ്ളാസും മറ്റും ധരിക്കാതെ പുറത്തിറങ്ങുന്നത് അപകടകരമാണ്. മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾ തുടങ്ങിയവർ പ്രത്യേകശ്രദ്ധ പുലർത്തണമെന്നാണ് മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഉഷ്‌ണതരംഗം, സൂര്യാതപം, ത്വക്‌രോഗം, നേത്രരോഗം തുടങ്ങിയവയ്ക്ക് കാരണമാകാമെന്നതിനാൽ സ്വന്തം നിലയിൽ എല്ലാവരും ജാഗ്രത പുലർത്തുന്നത് നല്ലതാണ്.
നിർജ്ജലീകരണം ഒഴിവാക്കാൻ തിളിപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുന്നത് ശീലമാക്കണം. അതേസമയം വേനൽച്ചൂടിന്റെ പേരിലും ചില വ്യാജ വിവരങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങൾ പ്രവചിക്കുന്നത് മനുഷ്യരെ വഴിതെറ്റിക്കാനാണ്. സംസ്ഥാനത്തെ താപനില 45 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ വ്യാജമാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുത്.