40 ദിവസത്തെ രഹസ്യ ഓപ്പറേഷൻ ടി.സി.എസ് കേസ്: സത്യം കണ്ടെത്തിയ പെൺപുലികൾ

Friday 17 April 2026 12:52 AM IST

മുംബയ്: ടി.സി.എസിലെ മതംമാറ്റ, ലൈംഗിക അതിക്രമ സംഭവങ്ങൾ വെളിച്ചത്തെത്തിച്ചത് നാസിക് സിറ്റി പൊലീസിലെ പെൺപുലികൾ. ഓഫീസിൽ അടിച്ചമർത്തപ്പെട്ട വനിതാ ജീവനക്കാരുടെ നീതിക്കായി രംഗത്തെത്തിയത് ഏഴ് വനിതാ പൊലീസുകാർ. 40 ദിവസം നീണ്ട രഹസ്യ ഓപ്പറേഷനിലൂടെ അവർ വർഷങ്ങളായി ഒളിഞ്ഞിരുന്ന രഹസ്യം പുറത്തെത്തിച്ചു.

സംശയത്തിന്റെ ഒരു കണിക പോലുമുണ്ടാക്കാതെ അതിസൂക്ഷമമായി തെളിവുകൾ ശേഖരിച്ചു. ശുചീകരണ ജീവനക്കാരുടെയും അറ്റക്കുറ്റപ്പണി നടത്തുന്നവരുടെയും വേഷത്തിൽ ഓഫീസിനുള്ളിൽ നുഴഞ്ഞുകയറിയായിരുന്നു ഓപ്പറേഷൻ. ഓഫീസിന്റെ എല്ലാ കോണിലും അവർക്ക് കയറിപ്പറ്റാനായി.

ജീവനക്കാരുടെയെല്ലാം നീക്കങ്ങളും സ്വകാര്യ ഒത്തുചേരലുകളും നിരീക്ഷിച്ചു. പ്രതികളിലൊരാളുടെ ഫോണിൽ ഇതര മതവേഷം ധരിച്ച ഹിന്ദു ജീവനക്കാരിയുടെ ചിത്രം കണ്ടെത്തി. ഓഫീസിൽ ഇതര മതത്തിന്റെ വേഷവും രീതിയും പ്രാർത്ഥനകളും അനുകരിക്കാൻ ഹിന്ദു ജീവനക്കാർക്കിടെയിൽ ചില 'പരിശീലനങ്ങൾ' നടത്തിയെന്ന് കണ്ടെത്തി.

പ്രതികളിലൊരാൾ ജീവനക്കാരികളോട് മോശമായി പെരുമാറുന്നത് നേരിട്ടുകണ്ടു. ഇതിനിടെ, സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രതികൾ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാദ്ധ്യതകൾ അടച്ചു. ഇതോടെ അറസ്റ്റ് എളുപ്പമായി.

 വഴിത്തിരിവായ മൊഴി

തങ്ങളുടെ മകൾ സ്വഭാവത്തിലും മതപരമായ ആചാരങ്ങളിലും ആശങ്കാപരമായ മാറ്റങ്ങൾ കാണിക്കുന്നെന്നും ആരൊക്കെയോ അവളെ അതിനായി നിർബന്ധിക്കുന്നെന്നും ഒരു ജീവനക്കാരിയുടെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചത് നിർണായകമായി. തുടർന്ന്

നേരിട്ടുള്ള റെയ്ഡ് ഒഴിവാക്കി രഹസ്യ ഓപ്പറേഷൻ നടത്താൻ തീരുമാനിക്കുകയായിരുന്നു.