'ലോക്സഭയിൽ മോദി വനിതാ സംവരണത്തെ രാഷ്‌ട്രീയവത്‌കരിക്കരുത്, ക്രെഡിറ്റ് പ്രതിപക്ഷത്തിനെടുക്കാം'

Friday 17 April 2026 12:02 AM IST

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ ഭാഗമായ മണ്ഡല പുനർനിർണയ ബിൽ നടപ്പാക്കുമ്പോൾ ഒരു സംസ്ഥാനത്തിന്റെയും സീറ്റുകൾ കുറയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാസംവരണത്തെ രാഷ്‌ട്രീയവത്‌കരിക്കരുത്. അതു നടപ്പായാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിന് എടുക്കാമെന്നും ലോക്‌സഭയിൽ ബില്ലിന്റെ ചർച്ചയിൽ മോദി പറഞ്ഞു.

ബില്ല് ആരോടും വിവേചനമോ, അനീതിയോ കാണിക്കാനല്ല. സീറ്റുകളുടെ അനുപാതത്തിൽ മാറ്റമുണ്ടാകില്ല. വർദ്ധനവ് ഒരേ അനുപാതത്തിലായിരിക്കും. വനിതാസംവരണം നടപ്പാക്കുന്നത് പ്രത്യേകിച്ച് ആരെയും സഹായിക്കില്ല. സർക്കാരിനും മോദിക്കുമൊപ്പം എല്ലാവർക്കും ക്രെഡിറ്റ് ലഭിക്കും. പ്രതിപക്ഷം എതിർത്താൽ അതിന്റെ രാഷ്ട്രീയ നേട്ടം തനിക്കായിരിക്കും. ഞങ്ങൾക്ക് ക്രഡിറ്റ് ആവശ്യമില്ല. ക്രെഡിറ്റ് ആവശ്യമെങ്കിൽ ബിൽ പാസായ ഉടൻ, പ്രതിപക്ഷ നേതാക്കളുടെ ഫോട്ടോ പതിച്ച പരസ്യം നൽകി നന്ദി പറയാം. പ്രതിപക്ഷത്തിന് ക്രെഡിറ്റിന്റെ ബ്ലാങ്ക് ചെക്ക് നൽകാൻ തയ്യാറാണ്.

എല്ലാ വിഭാഗങ്ങളെയും ഒപ്പം കൊണ്ടുപോകൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള തന്റെ ഭരണഘടനാപരമായ കടമയാണ്. പ്രതിപക്ഷം ബില്ലിന് രാഷ്ട്രീയ നിറം നൽകാതെ ദേശീയ താത്‌പര്യത്തോടെ കാണണം. വനിതാ സംവരണം രാജ്യത്തെ സ്ത്രീശക്തിക്ക് നൽകുന്ന ഔദാര്യമല്ല, അവകാശമാണ്. അത് പതിറ്റാണ്ടുകളായി തടഞ്ഞു വച്ചതിന്റെ പാപത്തിൽ നിന്ന് മുക്തരാകാനുള്ള അവസരമാണിത്. തദ്ദേശസ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കിയശേഷം വനിതാ നേതാക്കൾക്ക് രാഷ്ട്രീയ അവബോധം വർദ്ധിച്ചു. അവർ താഴെതട്ടിൽ അഭിപ്രായം രൂപീകരിക്കുന്നു.

'എതിർക്കുന്നവർക്ക് പരാജയഭീതി'

33% സംവരണം വനിതകൾക്ക് അധികശക്തി നൽകും. മണ്ഡല പുനർനിർണയത്തിന് അനുസൃതമായാണ് പുതിയ പാർലമെന്റിന്റെ ഘടന ആസൂത്രണം ചെയ്‌തത്. അംഗങ്ങൾ കൂടുമ്പോൾ ഇരിക്കാൻ സ്ഥലവും ഒരുക്കിയിട്ടുണ്ട്. വനിതാ സംവരണത്തെ എതിർക്കുന്നവർക്ക് രാഷ്ട്രീയ കാരണങ്ങളുണ്ട്. അതിൽ പരാജയഭീതിയുമുണ്ട്. കണ്ണു വീഴാതിരിക്കാൻ കറുത്ത പൊട്ട് കുത്തുന്നത് ഒരു പതിവാണെന്ന് കറുത്ത വസ്‌ത്രം ധരിച്ച് പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ കളിയാക്കി പ്രധാനമന്ത്രി പറഞ്ഞു.വനിതാ സംവരണമെന്ന ആശയം 25-30 വർഷങ്ങൾക്ക് മുമ്പ് വിഭാവനം ചെയ്യപ്പെട്ടപ്പോൾ തന്നെ നടപ്പിലാക്കേണ്ടതായിരുന്നു എന്നും വ്യക്തമാക്കി.