തിരുവമ്പാടിക്ക് ചെറുശ്ശേരിയുടെ 'ചെറുകോൽ കാവ്യം'

Friday 17 April 2026 12:22 AM IST

തൃശൂർ: മേടച്ചൂടിന്റെ കാഠിന്യത്തെ പാണ്ടിമേളത്തിന്റെ താളപ്പെരുക്കത്തിൽ അലിയിക്കാൻ ഇത്തവണ തിരുവമ്പാടി വിഭാഗത്തിന് കന്നി പ്രമാണിയാകാൻ ചെറുശ്ശേരി കുട്ടൻ മാരാർ. നായ്ക്കനാലിന് സമീപം മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിക്കലാശിക്കുമ്പോൾ ചെറുശ്ശേരി കുട്ടൻ മാരാരുടെ ആദ്യപ്രമാണത്തിൽ പാണ്ടിമേളത്തിന് കോൽപതിക്കും. 2011 മുതൽ തിരുവമ്പാടിയുടെ മേളനിരയിലെ സജീവ സാന്നിദ്ധ്യമാണ്. കഴിഞ്ഞ ഏകാദശി, പ്രതിഷ്ഠാദിനം എന്നിവയിൽ തിരുവമ്പാടിയുടെ മേളപ്രമാണിയായി തിളങ്ങിയിരുന്നു. തിരുവമ്പാടിയിൽ നിന്ന് കിഴക്കൂട്ട് അനിയൻ മാരാർ ഇലഞ്ഞിത്തറ മേളപ്രമാണിയായി പോയതിനെ തുടർന്ന്, തിരുവമ്പാടിയുടെ ചുമതലയേറ്റ ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ പ്രായപരിമിതികൾ മൂലം സ്ഥാനമൊഴിഞ്ഞപ്പോഴാണ് ചെറുശ്ശേരിയെ തേടി ഈ വലിയ ഉത്തരവാദിത്തമെത്തിയത്. ശ്രീമൂല സ്ഥാനത്ത് കൊട്ടിക്കലാശിക്കുന്ന മേളത്തിൽ 200 ലേറെ കലാകാരന്മാർ പങ്കെടുക്കും.

അരങ്ങേറ്റം 20ാം വയസിൽ

അറുപതാം വയസിനടുത്തെത്തി നിൽക്കുന്ന ചെറുശ്ശേരി കുട്ടൻ മാരാർ, ഇരുപതാം വയസിലാണ് അരങ്ങേറ്റം കുറിച്ചത്. അച്ഛൻ കുമരപുരം അപ്പു മാരാരായിരുന്നു ആദ്യ ഗുരു. കലയിലേക്ക് പൂർണ്ണമായി ഇറങ്ങും മുൻപ് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്ന നിർബന്ധത്താൽ കെമേഴ്‌സിൽ ബിരുദം നേടിയ ശേഷമാണ് അദ്ദേഹം 1988ൽ തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തിയത്. മേളരംഗത്തെ ഉയർച്ചയിൽ ചിതലി രാമ മാരാർ, പെരുവനം അപ്പു മാരാർ, മക്കോത്ത് നാണു മാരാർ, തൃപ്പേക്കുളം അച്യുത മാരാർ തുടങ്ങിയവരുടെ ഉപദേശങ്ങൾ കലാജീവിതത്തിന് വലിയ കരുത്തായെന്ന് അദ്ദേഹം സ്മരിക്കുന്നു.

പ്രധാന നേട്ടങ്ങൾ:

ആറാട്ടുപുഴ പൂരത്തിൽ ഊരകത്തമ്മ തിരുവടിയുടെ മേളപ്രമാണിയായി 25 വർഷം. ഗുരുവായൂർ ഉത്സവം, ഏകാദശി, തൃപ്രയാർ ഏകാദശി, തൃപ്പൂണിത്തുറ ഉത്സവം, കൂടൽമാണിക്യം, ഉത്രാളി പൂരം തുടങ്ങി ഒട്ടുമിക്ക ഉത്സവങ്ങളിലും പ്രമാണി. തൃശൂർ പൂരത്തിൽ വിവിധ ഘടക പൂരങ്ങളിലും പ്രമാണി.

വലിയ ഉത്തരവാദിത്വമാണ്. ഭംഗിയായി പൂർത്തീകരിക്കാനുള്ള പ്രാർത്ഥനയിലാണ്.

ചെറുശേരി കുട്ടൻ മാരാർ.