ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിന് പതിനായിരങ്ങൾ
ഗുരുവായൂർ: ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനായി പതിനായിരങ്ങൾ വിഷുതലേന്നാൾ മുതൽ പ്രത്യേക വരിയിൽ സ്ഥാനം പിടിച്ചു. പുലർച്ചെ 2.55മുതൽ ഒരു മണിക്കൂറായിരുന്നു ദർശനം. ക്ഷേത്രത്തിലെ നാഴിക മണി രണ്ടടിച്ചതോടെ മേൽശാന്തി ടി.എം.നാരായണൻ നമ്പൂതിരി കുളിച്ച് ഈറനണിഞ്ഞെത്തി ആദ്യം ഗുരുവായൂരപ്പനെ കണികണ്ടു. തുടർന്ന് നാളികേര മുറിയിൽ നെയ് ഒഴിച്ച് ദീപം തെളിച്ച് ഗുരുവായൂരപ്പനെ കണി കാണിച്ചു. ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് ആലവട്ടവും വെഞ്ചാമരവും കൊണ്ടലങ്കരിച്ച് സ്വർണസിംഹാസനത്തിൽ വച്ചു. ഓട്ടുരുളിയിൽ അഷ്ടമംഗല്യവും കോടിമുണ്ടും വാൽക്കണ്ണാടിയും ഗ്രന്ഥവും നാണയവും വച്ചാണ് കണിയൊരുക്കിയത്. കിഴക്കേ ഗോപുരവാതിൽ തുറന്നതോടെ ഭക്തർ വിഷുക്കണി ദർശനത്തിനായി ക്ഷേത്രത്തിലേക്ക് ഓടിക്കയറി. കണികണ്ട ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി. ശേഷം നിർമാല്യം, വാകച്ചാർത്ത്, അഭിഷേകം തുടങ്ങിയ പതിവ് ചടങ്ങുകൾ നടന്നു. ക്ഷേത്രത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലി നടന്നു. രാത്രി ഇടയ്ക്ക നാഗസ്വരത്തിന്റെ അകമ്പടിയിൽ വിളക്കെഴുന്നള്ളിപ്പും ഉണ്ടായി. പാൽപ്പായസത്തോടെ വിഷു സദ്യയും നടന്നു .