ലെബനനിൽ 10 ദിവസത്തെ വെടിനിറുത്തൽ  ഹോർമുസിൽ ഉപരോധം കടുപ്പിച്ച് യു.എസ്

Friday 17 April 2026 7:28 AM IST

ടെഹ്റാൻ: ഇറാനിൽ യു.എസിന്റെ ആക്രമണ ഭീതി തുടരുന്നതിനിടെ,​ ലെബനന് താത്കാലിക ആശ്വാസമായി വെടിനിറുത്തൽ പ്രഖ്യാപനം. ഹിസ്ബുള്ള ഗ്രൂപ്പിനെതിരെ ബെയ്റൂട്ട് അടക്കം ലെബനീസ് നഗരങ്ങളിൽ ഇസ്രയേൽ നടത്തിവന്ന ആക്രമണം പത്ത് ദിവസത്തേക്ക് നിറുത്തിവയ്ക്കാൻ തീരുമാനിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വെടിനിറുത്തൽ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.30ന് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ഇന്നലെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ലെബനീസ് പ്രസിഡന്റ് ജോസഫ് ഔനുമായും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഫോണിൽ സംസാരിച്ച പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. കൂടുതൽ ചർച്ചകൾക്ക് ഇരുവരെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. കഴിഞ്ഞ ദിവസം ലെബനീസ് സർക്കാർ പ്രതിനിധികളും ഇസ്രയേലി സംഘവും വാഷിംഗ്ടണിൽ ചർച്ച നടത്തിയിരുന്നു. ചർച്ചകളിൽ ഹിസ്ബുള്ള ഭാഗമല്ലാത്തതിനാൽ വെടിനിറുത്തൽ എത്രത്തോളം ഫലപ്രദമാകുമെന്ന് വ്യക്തമല്ല. തെക്കൻ ലെബനനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം ഇസ്രയേൽ ഇന്നലെ തകർത്തിരുന്നു.

അതേ സമയം, യുദ്ധസമാന സാഹചര്യം നിലനിൽക്കെ ഹോർമുസ് കടലിടുക്കിൽ യു.എസ് ഉപരോധം കടുപ്പിച്ചു. സമാധാന കരാറിന് ഇറാൻ തയാറായില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. കഴിഞ്ഞ മൂന്ന് ദിവസമായി ഹോർമുസ് കടലിടുക്ക് വഴി ഒരൊറ്റ ഇറാനിയൻ കപ്പലിനെ പോലും കടത്തിവിട്ടില്ലെന്നും ഉപരോധം ലംഘിക്കാൻ ശ്രമിച്ച പത്തോളം കപ്പലുകളെ തടഞ്ഞെന്നും അവകാശപ്പെട്ടു. അതിനിടെ, യു.എസും ഇറാനും തമ്മിൽ വീണ്ടും സമാധാന ചർച്ച സാദ്ധ്യമാക്കാൻ ശ്രമം ഊർജ്ജിതമാണ്. മദ്ധ്യസ്ഥ ചർച്ചകൾക്കായി പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീർ ഇറാനിലെത്തി. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമാണ് ടെഹ്റാനിലെത്തിയത്. വെടിനിറുത്തൽ ചർച്ചകൾക്ക് ഇസ്ലാമാബാദ് വീണ്ടും വേദിയായേക്കും.

 ഇറാൻ നാവികർ മടങ്ങി

ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് അമേരിക്കൻ ടോർപിഡോ ആക്രമണത്തിൽ തകർന്ന ഇറാൻ പടക്കപ്പലിൽ നിന്ന് രക്ഷപ്പെട്ട 238 നാവികർ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തിന് പിന്നാലെ ഇവർക്ക് ശ്രീലങ്ക അഭയം നൽകുകയായിരുന്നു. വിശാഖപട്ടണത്ത് നടന്ന നാവിക അഭ്യാസത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് തിരിച്ചുപോവുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കപ്പൽ ആക്രമിക്കപ്പെട്ടത്.