'സൈറൺ മുഴക്കിയാൽ മാറണം'; അഞ്ചുപേരെ മനഃപൂർവം ഇടിച്ചിട്ട് ബിജെപി എംഎൽഎയുടെ മകൻ

Friday 17 April 2026 11:27 AM IST

ഭോപാൽ: ബിജെപി എംഎൽഎയുടെ മകൻ അഞ്ചുപേരെ മനഃപൂർവം വാഹനമിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. മദ്ധ്യപ്രദേശിലെ ശിവ്‌പുരി ജില്ലയിലാണ് സംഭവം. എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധിയാണ് തന്റെ ഥാർ ഉപയോഗിച്ച് ആളുകളെ ഇടിച്ചുതെറിപ്പിച്ചത്. റോഡിൽ നിന്ന് മാറാത്തതിന് ഇവരെ ദിനേഷ് കുറ്റപ്പെടുത്തുകയും ചെയ്‌തു.

ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂന്ന് പുരുഷന്മാരെയും കാൽനടയാത്രക്കാരായ രണ്ട് സ്‌ത്രീകളെയുമാണ് ദിനേഷ് ഇടിച്ചിട്ടത്. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇടിച്ചിട്ട ശേഷം പരിക്കേറ്റവരോട് ദിനേഷ് തർക്കിക്കുന്നതാണ് ഇതിൽ കാണുന്നത്. 'ഞാൻ സൈറൺ മുഴക്കിയപ്പോൾ എന്താണ് മാറാത്തത്' എന്നയാൾ ദേഷ്യത്തിൽ ചോദിക്കുന്നുണ്ട്. വീഡിയോ പകർത്തിയവരെയും ദിനേഷ് ലോധി ഭീഷണിപ്പെടുത്തി.

സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുൽ പരിഹാർ, സീതാ വർമ്മ, പൂജ സോണി എന്നിവരെയാണ് ദിനേഷ് ഇടിച്ചിട്ടത്. തലയ്‌ക്കും കൈകാലുകൾക്കും തോളെല്ലിനും പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളും ജോലിക്ക് പോവുകയായിരുന്നു. സംഭവത്തിൽ കരേര പൊലീസ് കേസെടുത്തിട്ടുണ്ട്.

നിയമം അതിന്റഎ വഴിക്ക് പോകട്ടെ എന്നാണ് പ്രീതം ലോധി പറഞ്ഞത്. ഒരു എംഎൽഎയെ സംബന്ധിച്ച് കുടുംബത്തേക്കാൾ വലുത് പൊതുജനമാണെന്നും ഇരകൾക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.