'പ്രാബല്യത്തിൽ  ഇല്ലാതിരുന്ന   നിയമത്തിൽ  എങ്ങനെയാണ്  ഭേദഗതി  കൊണ്ടുവരിക'; വനിതാ സംവരണ ബില്ലിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

Friday 17 April 2026 1:01 PM IST

ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ച പുരോഗമിക്കുകയാണ്. ബില്ലിനെ ശക്തമായി തന്നെ പ്രതിപക്ഷം എതിർക്കുന്നുണ്ട്. നിലവിലുള്ള 543 മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ച് അതിൽ വനിതാ സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

കേന്ദ്രത്തിന്റെ നിർദേശം ഭരണഘടനാ വിരുദ്ധമാണെന്നും സീറ്റുകളുടെ എണ്ണം കൂട്ടാതെതന്നെ നിലവിലെ നിയമം അനുസരിച്ച് മണ്ഡല പുനർനിർണയം നടത്താമെന്നും പ്രതിപക്ഷ എംപിമാർ വ്യക്തമാക്കുന്നു. 2023ൽ പാസാക്കിയ വനിതാ സംവരണ നിയമം ഇന്നലെ രാത്രി വിജ്ഞാപനം ചെയ്തതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തു. ലോക്‌സഭ തുടങ്ങിയപ്പോൾ കെസി വേണുഗോപാൽ എംപിയാണ് ഇക്കാര്യം ഉന്നയിച്ചത്.

ഇതിന് പിന്നാലെ രൂക്ഷവിമർശനവുമായി കനിമൊഴിയും രംഗത്തെത്തി. പ്രാബല്യത്തിൽ ഇല്ലാതിരുന്ന ഒരു നിയമത്തിൽ എങ്ങനെയാണ് ഭേദഗതി കൊണ്ടുവരികയെന്ന് കനിമൊഴി ചോദിച്ചു. സഭയിൽ ചർച്ച നടക്കുന്നതിനിടെ നിയമം നോട്ടിഫെെ ചെയ്തത് സഭയോടുള്ള അനാദരവാണെന്നും അവർ ആരോപിച്ചു. ജനസംഖ്യാ നിയന്ത്രണംവിജയകരമായി നടപ്പാക്കിയ കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും കനിമൊഴി പറഞ്ഞു. പ്രതിഷേധ സൂചനകമായി സഭയിൽ ഇന്നും കറുപ്പണിഞ്ഞാണ് ഡിഎംകെ അംഗങ്ങൾ എത്തിയത്.

ഇന്ന് വൈകിട്ട് നാലിനാണ് ബില്ലിൽ വോട്ടെടുപ്പ് നടക്കുക. ഭരണഘടനാ ഭേദഗതി ബില്ലായതിനാൽ പാസാകാൻ വേണ്ടത് സഭയിൽ ഹാജരുള്ള മൂന്നിൽരണ്ട് അംഗങ്ങളുടെ പിന്തുണ. പ്രതിപക്ഷാംഗങ്ങൾ ഒന്നിച്ചുനിന്നാൽ പാസാക്കുക പ്രയാസം. എന്നാൽ എംപിമാരുടെ എണ്ണം കൂടുതലുള്ള പ്രതിപക്ഷത്തെ ചില കക്ഷികൾ വിട്ടുനിന്നാൽ പാസാകും. അതിനുള്ള ശ്രമങ്ങൾ ഭരണപക്ഷം നടത്തുന്നതായി സൂചനയുണ്ട്. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിത സംവരണം നടപ്പാക്കുന്നതിനും മണ്ഡ‌ല പുനർനിർണയത്തിനും കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള ബില്ലുകളാണ് അവതരിപ്പിച്ചത്.