ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
പാലക്കാട്: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭയിലെ കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ് സി എസ്ടി കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രശോഭ് വി. വത്സനെതിരായ കേസ്.
ബലാത്സംഗം, എസ് സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നഗരസഭയിലെ 24ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്. പാലക്കാട് സ്വദേശിയായ ദളിത് യുവതി മുഖ്യമന്ത്റിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്.അതിജീവിത ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകിയിരുന്നു.
ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പ്രശോഭ് വീട്ടിലെത്തി ബലമായി പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. ജോലിക്കാര്യത്തിനായി പട്ടാമ്പിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി.പാലക്കാട് ജില്ലാ ആശുപത്രിയുടെ പുറകിലെത്തിയപ്പോൾ മോശമായി പെരുമാറി.പിന്നീട് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പാലക്കാട്ടെ പ്രമുഖ ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്ത് താൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. രണ്ടു മാസം ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭഛിദ്രം നടത്താൻ മരുന്ന് നൽകി. അതു കഴിക്കാത്തതിനാൽ ഭീഷണിപ്പെടുത്തി എന്നാണ് യുവതി പറയുന്നത്. സംഭവം വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.