ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; പ്രതികളായ പൊലീസുകാരെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയിൽ സിബിഐ

Friday 17 April 2026 4:41 PM IST

ന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ മുഴുവൻ പൊലീസുകാരെയും വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സിബിഐ. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ക്രൂരമായ കസ്റ്റഡി പീഡനത്തെത്തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികൾ പൊലീസുകാർ ആയതിനാൽ ശിക്ഷ അനിവാര്യമാണെന്നും സിബിഐയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പീലിൽ പ്രതികളായ പൊലീസുകാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

അന്വേഷണത്തിൽ സിബിഐയ്ക്ക് ഗുരുതര വീഴ്‌ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി പ്രതികളായ മുഴുവൻ പൊലീസുകാരെയും വെറുതെവിട്ടത്. ഒന്നാംപ്രതിക്ക് സിബിഐ കോടതി വിധിച്ച വധശിക്ഷയടക്കം റദ്ദാക്കിയിരുന്നു. ഒന്നാംപ്രതി എഎസ്ഐ കെ ജിതകുമാർ, രണ്ടാംപ്രതി സിപിഒ എസ് വി ശ്രീകുമാർ എന്നിവർക്കായിരുന്നു തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചത്. മുൻ എസ്‌പിമാരായ ഇ കെ സാബു, ടി കെ ഹരിദാസ്, അന്ന് എസ്‌ഐയായിരുന്ന ടി അജിത് കുമാർ എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികൾ.

2005 സെപ്തംബർ 29നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മോഷണം ആരോപിച്ചാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. 4020 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഈ പണം മോഷ്ടിച്ചതാണ് എന്നാരോപിച്ചായിരുന്നു ഉദയകുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.