രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വ ആരോപണത്തിൽ നടപടി; അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്

Friday 17 April 2026 5:32 PM IST

ലക്നൗ: ലോക്സഭാപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഉത്തരവിട്ടു. ഉത്തർപ്രദേശ് സർക്കാർ നേരിട്ടോ അല്ലെങ്കിൽ കേന്ദ്ര ഏജൻസികൾ വഴിയോ അന്വേഷണം നടത്തണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകനായ എസ്. വിഗ്നേഷ് ശിശിർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ലക്നൗവിലെ പ്രത്യേക എംപി/എംഎൽഎ കോടതി ജനുവരി 28ന് ഹർജി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗൗരവകരമാണെന്നും അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും ബ്രിട്ടീഷ് സർക്കാരിന്റെ ഇമെയിലുകളും തന്റെ കൈവശമുണ്ടെന്ന് ഹർജിക്കാരൻ അവകാശപ്പെടുന്നു. വിദേശ പൗരത്വമുള്ള ഒരാൾക്ക് ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ലോക്സഭാ അംഗമായി തുടരാനോ അർഹതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ആദ്യം റായ്ബറേലിയിലെ കോടതിയിലാണ് പരാതി നൽകിയിരുന്നത്. എന്നാൽ 2025 ഡിസംബർ 17ന് ഹൈക്കോടതി ഈ കേസ് ലക്നൗവിലേക്ക് മാറ്റി. പൗരത്വ വിഷയത്തിൽ തീരുമാനമെടുക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന കീഴ്‌ക്കോടതി വിധിക്ക് പിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.