'ഇസ്ലാമിലേയ്ക്ക് മതം മാറി, പിന്നീട് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി'; മനസുതുറന്ന് നടി

Friday 17 April 2026 5:35 PM IST

മുംബയ്: മതംമാറ്റത്തെക്കുറിച്ചും തുടർന്ന് നേരിടേണ്ടിവന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും മനസുതുറന്ന് നടി ചാഹത്ത് ഖന്ന. തന്റെ പ്രസ്താവനകൾ പലപ്പോഴും വളച്ചൊടിക്കപ്പെടാറുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. ഒരു അഭിമുഖത്തിലായിരുന്നു നട‌ി മനസുതുറന്നത്.

'ഞാൻ വളരെ മതേതരയായ വ്യക്തിയാണ്. ദീപാവലി ആഘോഷിക്കുന്നതുപോലെ തന്നെ ഈദും ആഘോഷിക്കാറുണ്ട്. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്. എന്നെ നിർബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്ന് പലരും പറഞ്ഞു. പക്ഷേ ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നു, സനാതന ധർമ്മത്തിലും വിശ്വസിക്കുന്നു. അതിനർത്ഥം ഞാൻ മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നില്ല എന്നല്ല.

എന്താണ് എനിക്ക് സംഭവിക്കുന്നത് എന്നതിൽ നിരാശയും സങ്കടവും ഭയവും തോന്നിയിരുന്നു. എന്റെ പേര് മോശമാക്കപ്പെടുന്നു. അതിനാൽ എനിക്ക് സിനിമയിൽ അവസരം ലഭിക്കില്ലെന്ന് ചിലർ പറഞ്ഞു. കാലക്രമേണ കൂടുതൽ ജീവിതാനുഭവം നേടുന്നതിനനുസരിച്ച് എന്റെ കാഴ്ചപ്പാട് വികസിച്ചു. ആളുകളെയും ജീവിതത്തെയും വ്യത്യസ്ത വശങ്ങളെയും കുറിച്ചുള്ള എന്റെ അറിവ് വർദ്ധിച്ചു. ആ അറിവിനൊപ്പം എന്റെ ആത്മവിശ്വാസവും വളർന്നു'- എന്നാണ് അഭിമുഖത്തിൽ നടി വ്യക്തമാക്കിയത്.

2024ൽ ഒരു അഭിമുഖത്തിൽ ചാഹത്ത് ഖന്ന തന്റെ ആത്മീയ യാത്രയെക്കുറിച്ചും വിവാഹമോചനത്തിനുശേഷം സനാതന ധർമ്മത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. 'വിവാഹമോചനത്തിനുശേഷം എന്റെ മൗലികതയിലേക്ക് തിരിച്ചുവരാൻ ധാരാളം സമയമെടുത്തു. ഇസ്ലാമിലും വിശ്വസിക്കാൻ എനിക്ക് അഞ്ച് വർഷത്തോളമെടുത്തിരുന്നു. ഇപ്പോഴും അവരുടെ ചില അടിസ്ഥാനകാര്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നു. പക്ഷേ ഭാഗ്യവശാൽ സനാതന ധർമ്മത്തിന്റെ വേരുകളിലേക്ക് തിരിച്ചുവന്നപ്പോൾ പല കാര്യങ്ങളുടെയും പിന്നിലെ വലിയ സത്യം ഞാൻ മനസിലാക്കി'- എന്നായിരുന്നു നടി പറഞ്ഞത്.

2006ൽ ആണ് ആദ്യ ഭർത്താവായ ഭരത് നർസിംഘാനിയെ ചാഹത്ത് ഖന്ന വിവാഹം കഴിച്ചത്. ഒരു വർഷത്തിനുശേഷം വേർപിരിഞ്ഞു. പിന്നീട് 2013ൽ ഫർഹാൻ മിർസയെ വിവാഹം കഴിച്ചു. 2018ൽ വിവാഹമോചിതായായി. നടി ഇപ്പോൾ രോഹൻ ഗന്ധോത്രയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്.