മദ്യപിച്ച് യാത്ര ചെയ്തത് ചോദ്യം ചെയ്തു സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും പിതാവിനും മർദ്ദനം
ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്ത് മദ്യപിച്ച് ബൈക്കിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയേയും പിതാവിനെയും യുവാക്കളുടെ സംഘം മർദ്ദിച്ചു. വിഷുദിനത്തിലായിരുന്നു സംഭവം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സജി, പിതാവ് തങ്കൻ എന്നിവർ ചികിത്സയിലാണ്. തങ്കന്റെ കാലിന് പൊട്ടലുണ്ട്. സംഭവത്തിൽ തീക്കോയി മേസ്തിരിപ്പടി സ്വദേശികളായ അഭിഷേക്, അബിൻ എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്ന് പേർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.
മദ്യപിച്ച് ബൈക്കിൽപോയ സംഘം റോഡിൽ വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിച്ചാണോ ബൈക്ക് ഓടിക്കുന്നതെന്ന് സജിയും സ്ഥലത്തുണ്ടായിരുന്നവരും ചോദ്യം ചെയ്യുകയും ബൈക്ക് ഒതുക്കിവെയ്ക്കാൻ നിർദേശിക്കുകയും ചെയ്തതോടെയാണ് വാക്കേറ്റം ആരംഭിച്ചത്. പ്രദേശവാസികൾ കൂടിയതോടെ പിൻവാങ്ങിയ യുവാക്കൾ തീക്കോയി മേസ്തിരിപ്പടിയിലുള്ള പത്തോളം സുഹൃത്തുക്കളെ വിളിച്ചുവരുത്തിയായിരുന്നു ആക്രമം. സജിയുടെയും തങ്കന്റെയും തലയിലും ശരീരത്തിലും അടിയേറ്റു. തടസംപിടിക്കാനെത്തിയവർക്കും മർദ്ദനമേറ്റു.