പാലായിൽ അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പാലാ: മുണ്ടാങ്കലിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എസ് അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് മുണ്ടാങ്കൽ ഭാഗത്തെ വീട്ടിൽ പരിശോധന നടത്തിയത്.
13 ചാക്കുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാനക്കാരനായ സാഹിർ മുഹമ്മദിന്റെ വീട്ടിലും തുടർന്ന് പാലാ ടൗൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇയാൾ നടത്തുന്ന കടയിലും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഒരു മാസം മുമ്പും ടൗൺ ബസ് സ്റ്റാന്റിലെ കടയിൽ നിന്നും ഇയാളെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. അന്ന് പിഴയടച്ച് പോയശേഷം വീണ്ടും കച്ചവടം ഊർജ്ജിതമാക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പാലാ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ രാംപ്രസാദ് പരിശോധനയ്ക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജെക്സി ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എം സുരേഷ് കുമാർ, പി. രതീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനന്തു കെ ശിവൻ, രമേശ് കെ രാമചന്ദ്രൻ, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ പ്രിയ കെ. ദിവാകരൻ, ഡ്രൈവർ മുഹമ്മദ് ഹാരിസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്
പാലാ മുണ്ടാങ്കലിൽ സാഹിർ മുഹമ്മദിന്റെ വീട്ടിൽ നിന്ന് പിടികൂടിയ നിരോധിത പുകയില ഉല്പന്നങ്ങൾ