പൊലീസുകാരെ അക്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റില്‍

Saturday 18 April 2026 1:11 AM IST

പറവൂർ: ദേശീയപാത 66ൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാനെത്തിയ പൊലീസുകാരെ അക്രമിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കോട്ടുവള്ളി കൈതാരം കണിയാംപറമ്പ് വീട്ടിൽ രാഹുൽ കൃഷ്ണ (26), വാണിയക്കാട് വലിയകുളത്ത് താമസിക്കുന്ന തൃശൂർ വളപ്പ് കോതകുളം ബീച്ചിൽ പുല്ലാട്ട് വീട്ടിൽ അശ്വിൻ കൃഷ്ണ (25) എന്നിവരെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വഴികുളങ്ങര - ഘണ്ടകർണ്ണൻവെളി ദേശീയപാതയിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും തടസമുണ്ടാകുന്ന രീതിയിൽ പടക്കം പൊട്ടിക്കുന്നതായി പറവൂർ പൊലീസിൽ പരാതി ലഭിച്ചത് അന്വേഷിക്കാനെത്തിയ പൊലീസുകാരെയാണ് യുവാക്കൾ ആക്രമിച്ചത്. സബ് ഇൻസ്പെക്ടർ ശാന്തി കെ. ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.