കാടുകയറി പാലോട് ഫയർ ആൻഡ് റെസ്ക്യു യൂണിറ്റ്
പാലോട്: ഒരു നാടിന്റെ സ്വപ്ന പദ്ധതിയായ പാലോട് ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റിനുവേണ്ടി താത്കാലികമായി നിർമ്മിച്ച കെട്ടിടം നശിക്കുന്നു.
സർക്കാർ ആശുപത്രിയിലെത്തുന്ന വാഹനങ്ങളും തെരുവുനായ്ക്കളുമാണ് ഇപ്പോൾ ഇവിടെയുള്ളത്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കെട്ടിടം നിലവിൽ കാടു കയറിയ നിലയിലാണ്.
2015ൽ പദ്ധതി പ്രഖ്യാപിച്ച് സ്ഥലം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ പാലോട് സർക്കാർ ആശുപത്രിക്കു സമീപം അര ഏക്കർ സ്ഥലം ഫയർ സ്റ്റേഷൻ നിർമ്മിക്കാൻ വിട്ടുനൽകി. ഏഴു വർഷം പിന്നിട്ടപ്പോൾ താത്കാലിക ഷെഡുകളുടെ നിർമ്മാണം മാത്രമാണ് ഇവിടെ നടന്നത്. ജൈവവൈവിദ്ധ്യ മേഖല ആയതിനാൽ വേനൽക്കാലത്ത് ഹെക്ടർ കണക്കിന് വനഭൂമിയാണ് കത്തി നശിക്കുന്നത്.
മഴക്കാലത്ത് നദികളിൽ ജലനിരപ്പ് ഉയർന്ന് അപകടങ്ങളും സംഭവിക്കാറുണ്ട്. ഇതിനെല്ലാം പരിഹാരമായി അടിയന്തരമായി ഫയർഫോഴ്സ് യൂണിറ്റ് ആരംഭിക്കാനുള്ള നടപടി വേണമെന്നാണ് ആവശ്യം.
ആശങ്കയായി കാട്ടുതീ കടുത്ത വേനലിൽ കാട്ടുതീ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ ആശങ്കയിലാണ് ഈ മേഖല. അടുത്തിടെ രണ്ട് സ്ഥലങ്ങളിൽ കാട്ടുതീ ഉണ്ടായെങ്കിലും വിതുരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീ അണച്ചതിനാൽ ദുരന്തങ്ങൾ ഒഴിവായി.
2015ൽ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികവർഗ വികസന ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവൃത്തികളാണ് ഇഴഞ്ഞുനീങ്ങുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിൽ മാത്രമേ ഫയർസ്റ്റേഷൻ തുടങ്ങാൻ കഴിയൂ എന്നായിരുന്നു വകുപ്പിന്റെ നിലപാട്. തുടർന്ന് ഡി.കെ.മുരളി എം.എൽ.എ മുൻകൈയെടുത്താണ് സ്ഥലം ലഭ്യമാക്കിയത്. നെടുമങ്ങാട് അഗ്നിരക്ഷാ നിലയത്തിന്റെ ടേൺ ഔട്ട് ഏരിയയിൽ ഉൾപ്പെടുന്നതാണ് പാലോട്. ജില്ലയിലെ തന്നെ ഏറ്റവും വലിയ പടക്കനിർമ്മാണ മേഖലയാണ് ഇവിടമെന്നതും ആശങ്ക ഉയർത്തുന്നുണ്ട്.
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലോട് വില്ലേജിലെ സർവേ നമ്പർ 1460ൽ 34.5സെന്റ് സ്ഥലമാണ് ഫയർസ്റ്റേഷൻ നിർമ്മാണത്തിനായി നൽകിയത്. എം.എൽ.എയുടെ 2020-21 മണ്ഡലം പ്രത്യേക വികസനനിധിയിൽ നിന്ന് 10ലക്ഷം രൂപ വകയിരുത്തിയാണ് മന്ദിരനിർമ്മാണം പൂർത്തിയാക്കിയത്.
പാലോട് ഫയർ സ്റ്റേഷൻ മന്ദിര നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപ 2025ഫെബ്രുവരി 8ന് അനുവദിച്ചെങ്കിലും നടപടിക്രമങ്ങൾ ഇഴയുകയായിരുന്നു.