സ്ത്രീകൾ എല്ലാം കാണുന്നുണ്ട്: മോദി

Saturday 18 April 2026 3:43 AM IST

ന്യൂഡൽഹി: 'മനഃസാക്ഷി വോട്ടു രേഖപ്പെടുത്തണം"- വനിതാ സംവരണ ബില്ലിൽ വോട്ടെടുപ്പിന് മുന്നോടിയായി എല്ലാ അംഗങ്ങളോടും പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. രാജ്യത്തെ സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും എം.പിമാർ ചെയ്യരുത്. നാരീശക്തി വന്ദൻ അധിനിയമത്തിലെ ഭേദഗതികളെ പിന്തുണയ്‌ക്കണം. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ ഇവയെല്ലാം നിരീക്ഷിക്കുന്നുണ്ട്. സ്വന്തം കുടുംബത്തിലെ സ്ത്രീകളെ ഓർത്തുകൊണ്ട് എം.പിമാർ മനഃസാക്ഷിയോട് കൂറുപുലർത്തണം. നിയമനിർമ്മാണ സ്ഥാപനങ്ങളിൽ വനിതാ സംവരണം ഉറപ്പാക്കുന്നത് നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് നീതി നൽകുന്നതിനുള്ള സുപ്രധാന അവസരമാണ്. നാരീശക്തിക്ക് പുതിയ അവസരങ്ങൾ നിഷേധിക്കരുത്. ഈ ഭേദഗതി ഏകകണ്ഠമായി പാസായാൽ അത് രാജ്യത്തെ സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ചരിത്രം സൃഷ്‌ടിക്കാൻ ഒന്നിക്കാം. ജനസംഖ്യയുടെ പകുതിയോളം വരുന്ന ഇന്ത്യയിലെ സ്ത്രീകൾക്ക് അവരുടെ അർഹമായ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകും. നിയമനിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും തെറ്റിദ്ധാരണകളും വസ്‌തുതകൾ മുന്നിൽ വച്ചുകൊണ്ട് സർക്കാർ പരിഹരിച്ചുവെന്നും മോദി എക്‌സിൽ കുറിച്ചു.