യാത്രക്കാർക്ക് ഭീഷണിയായ വെയിറ്റിംഗ് ഷെഡ് പൊളിച്ചു
അമ്പലപ്പുഴ :അമ്പലപ്പുഴ ജംഗ്ഷനിൽ യാത്രക്കാരുടെ ജീവന് ഭീഷണിയായി നില നിന്ന വെയിറ്റിംഗ് ഷെഡ് അഭിഭാഷകന്റെ ഇടപെടലിൽ പൊളിച്ചുമാറ്റി. മാർച്ച് 18 ന് തിരുവല്ലയിൽ നിന്ന് ആലപ്പുഴയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറിയതിനെത്തുടർന്ന് വെയിറ്റിംഗ് ഷെഡിന്റെ മുകൾ ഭാഗം തകർന്ന് താഴെ വീണിരുന്നു. ഇതോടെ യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയ വെയിറ്റിംഗ് ഷെഡ് പൊളിച്ചുനീക്കാത്തതിന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരെ എതിർ ക്ഷികളാക്കി അഡ്വ.ബി. സുരേഷ് വക്കീൽ നോട്ടീസയച്ചിരുന്നു. ഇതോടെയാണ് ദേശീയ പാതാ വികസന അതോറിട്ടി അധികൃതർ , അമ്പലപ്പുഴ പൊലീസ് എന്നിവരെത്തി അപകടാവസ്ഥയിലായ വെയിറ്റിംഗ് ഷെഡിന്റെ മുകൾ ഭാഗം പൊളിച്ചു നീക്കിയത്. പുതിയ വെയിറ്റിംഗ് ഷെഡ് നിർമിക്കാത്തതിനാൽ അമ്പലപ്പുഴയിൽ നിന്ന് തെക്ക് ഭാഗത്തേക്കുള്ള യാത്രക്കാർ കനത്ത വെയിലിലാണ് റോഡരികിൽ ഇപ്പോൾ ബസ് കാത്തു നിൽക്കുന്നത് .
ബസ് ഇടിച്ചു കയറി വെയിറ്റിംഗ് ഷെഡിന് കേടുപാടുണ്ടായിട്ട് പഞ്ചായത്തും പരാതി നൽകിയിരുന്നില്ല. പരാതിക്കാരില്ലാത്തതിനാൽ പോലീസ് കേസുമെടുത്തില്ല. യാത്രക്കാരുടെ ദുരിതം ദിവസവും നേരിട്ട് കാണുന്ന അഡ്വ.ബി.സുരേഷ് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. ഈ മാസം 10 നാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.ഇതിന് ശേഷം ജില്ലാ കളകടർ, ആർ.ടി.ഒ , ബസ് ഡ്രൈവർ എന്നിവരെ പ്രതികളാക്കി വക്കീൽ നോട്ടീസും അയച്ചു. രു ലക്ഷം രൂപ നഷ്ടപരിഹാരം അല്ലെങ്കിൽ വെയിറ്റിംഗ് ഷെഡ് പുന:സ്ഥാപിക്കുക. എന്നിവയാണ് പരാതിയിലുണ്ടായിരുന്നത്.