ദേശീയപാത നിർമ്മാണം.............. മണ്ണിൽത്തട്ടി നീങ്ങാനാകാതെ പറവൂർ - തുറവൂർ റീച്ച്

Friday 17 April 2026 9:56 PM IST

ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നാക്കമെന്ന പേരുദോഷം പേറുമ്പോഴും പറവൂർ - തുറവൂർ റീച്ചിന് ഇതുവരെ ലഭ്യമായത് ആവശ്യമുള്ളതിന്റെ പകുതിയിൽ താഴെ മണ്ണ് മാത്രം. 16ലക്ഷം ക്യുബിക് മീറ്ററോളം മണ്ണ് നിർമ്മാണത്തിന് വേണ്ടിവരുമെന്ന് കരുതുന്ന റീച്ചിന് ഇതുവരെ ലഭ്യമായത് 7ലക്ഷം ക്യുബിക് മീറ്റർ മണ്ണ് മാത്രമാണ്.

30ഓളം അണ്ടർ പാസുകളുള്ള ഇവിടെ 14എണ്ണം പൂർത്തിയായെങ്കിലും മിക്കവയുടെയും അപ്രോച്ച് റോഡുകളുടെ നിർമ്മാണം മണ്ണില്ലാത്തതിനാൽ തുടങ്ങാനായിട്ടില്ല. വേനൽക്കാലത്ത് പരമാവധി മണ്ണെത്തിച്ച് നിർമ്മാണം വേഗത്തിലാക്കിയാലേ സമയപരിധിയ്ക്കകം ദേശീയപാത നിർമ്മാണം പൂർത്തിയാക്കാനാകുകയുള്ളൂ. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ വടക്കോട്ട് വേമ്പനാട്ട് കായലിലെ അഞ്ച് സ്ഥലങ്ങളിൽ നിന്നുള്ള മണ്ണാണ് ദേശീയ പാത നിർമ്മാണത്തിനെത്തിക്കുന്നത്.

ദേശീയ ജലപാതയ്ക്കു പടിഞ്ഞാറു ഭാഗത്ത് 3.5 കിലോമീറ്റർ നീളത്തിലാണ് ഡ്രഡ്ജിംഗ്. 3 മീറ്റർ വരെ ആഴത്തിൽ മണ്ണെടുക്കാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് ജങ്കാറിൽ തീരത്ത് എത്തിച്ച് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴിവാക്കി കഴുകി ചെളിയും അമ്ലത്വവും കളഞ്ഞ ശേഷമാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. യാ‌ർഡിൽ വലിയ വാഹനങ്ങൾ കടന്നുവരാത്തതിനാൽ മിനിലോറികളിലും ചെറിയ ടിപ്പറുകളിലുമാണ് ദേശീയപാതയിലേക്ക് മണ്ണ് കൊണ്ടുപോകുന്നത്. ചെറിയവാഹനങ്ങളിൽ ഉദ്ദേശിച്ചത്ര മണ്ണെത്തിക്കാൻ കഴിയാത്തതും വെല്ലുവിളിയാണ്.

ലഭ്യമായത് വേണ്ടതിന്റെ പകുതി മണ്ണ്

1. പറവൂർ- തുറവൂർ റീച്ച് പൂർത്തിയാക്കാനാവശ്യമായ മുഴുവൻ മണ്ണും വേമ്പനാട്ട് കായലിൽ നിന്ന് ഡ്രഡ്ജ് ചെയ്യാമെന്നാണ് കണക്കുകൂട്ടൽ

2. കാലവർഷമെത്തുമ്പോൾ ദുരന്തനിവാരണ നിയമപ്രകാരം ഡ്രഡ്ജിംഗിന് വിലക്കുവന്നാൽ നിർമ്മാണത്തിന് വലിയ തിരിച്ചടിയാകും

3. അടിപ്പാതകളും മേൽപ്പാലങ്ങളും ഉൾപ്പെടെയുള്ളവയുടെ അപ്രോച്ച് റോഡ് നിർമാണത്തിനാണ് മണ്ണ് കൂടുതലായും ആവശ്യമുള്ളത്

4. തുറവൂർ– പറവൂർ റീച്ചിലേക്ക് എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നാണ് തുടക്ക സമയങ്ങളിൽ പ്രധാനമായും മണ്ണെത്തിച്ചിരുന്നത്

5. ദൂരവും മണ്ണ് കിട്ടാനില്ലാത്തതും കാരണമാണ് കായൽ ഡ്ര‌ഡ്ജ് ചെയ്ത് മണ്ണ് കണ്ടെത്താനുള്ള തീരുമാനത്തിലേക്കെത്താൻ കാരണം

റീച്ചിന്റെ ദൈർഘ്യം

38.39 കി.മീ.

18 നടപ്പാലങ്ങൾ

തുറവൂർ ആലയ്ക്കാപറമ്പ്, പട്ടണക്കാട് മിൽമ ഫാക്ടറിഎന്നിവിടങ്ങളിലുൾപ്പെടെ 18 നടപ്പാലങ്ങളാണ് റങ്ങച്ചിൽ റോഡ് മുറിച്ച് കടക്കാനുള്ളത്.

പൈലുകൾ സ്ഥാപിച്ച് ഇതിന് മുകളിൽ 3 മീറ്റർ വീതിയിലും നീളത്തിലും കോൺക്രീറ്റ് അടിത്തറ നിർമിച്ച് അതിനും മുകളിലാണ് സ്റ്റീലിൽ തീർത്ത പടികളും 10 മീറ്റർ വരെ ഉയരത്തിലുള്ള നടപ്പാതയും ദേശീയപാതയ്ക്കു കുറുകെ സ്ഥാപിക്കുന്നത്. 2 മീറ്റർ വീതിയും 45 മീറ്റർ നീളവുമുണ്ടാകും.

ഡ്രഡ്ജിംഗ് പുരോഗമിക്കുന്നുണ്ടെങ്കിലും മണ്ണ് എത്തിക്കാനുള്ള സംവിധാനങ്ങളുടെ പോരായ്മയും ദുരന്ത നിവാരണ നിയമപ്രകാരം കാലവർഷത്തിന്റെ തുടക്കം മുതൽ ആറുമാസക്കാലത്തെ നിയന്ത്രണവും നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കും

- പ്രോജക്ട് ഓഫീസ്, എൻ.എച്ച് വിഭാഗം