ലക്ഷ്യം ടി.കെ.ഗോവിന്ദനും കുഞ്ഞികൃഷ്ണനും: വിമത നേതാക്കൾ മേൽനോട്ടം വഹിച്ച സ്ഥാപനങ്ങളിൽ സി.പി.എം അന്വേഷണം

Friday 17 April 2026 10:09 PM IST

കണ്ണൂർ: പാർട്ടിയുടെ നെടുംകോട്ടകളിൽ ഇടതുവിരുദ്ധ ക്യാമ്പ് ഉണ്ടാക്കിയ മുൻ ജില്ലാസെക്രട്ടറിയേറ്റംഗം ടി.കെ.ഗോവിന്ദനും മുൻ ജില്ലാകമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണനും ഭരണം കൈയാളിയ പാർട്ടി നിയന്ത്രണ സ്ഥാപനങ്ങളിൽ രഹസ്യ അന്വേഷണവുമായി സി.പി.എം. ഇരുവരും ഭരണം നടത്തിയ കാലത്ത് ആ സ്ഥാപനങ്ങളിൽ നടന്ന ഇടപാടുകൾ സുതാര്യമായിരുന്നോയെന്നും നടപടികളിൽ ക്രമക്കേടുകൾ ഉണ്ടായിരുന്നോയെന്നും പരിശോധിക്കുകയാണ് ഈ അന്വേഷണത്തിന്റെ ലക്ഷ്യം ക്രമക്കേടുകൾ കണ്ടെത്തിയാൽ പരസ്യമാക്കുമെന്നും പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗമായി ഒമ്പത് വർഷവും ജില്ല കമ്മിറ്റിയംഗമായി 25 വർഷത്തിലേറെയും പ്രവർത്തിച്ച ടി.കെ. ഗോവിന്ദൻ ഏറെക്കാലം സി.പി.എം ശ്രീകണ്ഠപുരം, മയ്യിൽ ഏരിയകളുടെ സെക്രട്ടറിയായിരുന്നു. ശ്രീകണ്ഠപുരത്ത് സഹകരണ ആശുപത്രി സ്ഥാപിക്കാൻ രംഗത്തിറങ്ങുകയും പിന്നീട് അത് അടച്ചുപൂട്ടുകയും ചെയ്ത പശ്ചാത്തലം ഇദ്ദേഹത്തിനുണ്ട്.ഏകദേശം അഞ്ച് ദശകത്തോളം പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മുൻ ജില്ലാകമ്മിറ്റിയംഗം കൂടിയായ വി.കുഞ്ഞികൃഷ്ണൻ, ടി.ഐ. മധുസൂദനൻ എം.എൽ.എക്കെതിരെ ഫണ്ട് ദുർവിനിയോഗ ആരോപണം പരസ്യമായി ഉന്നയിച്ചതോടെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്തായത്.ഇരുവർക്കും പാർട്ടിക്കകത്ത് ഒളിഞ്ഞ് പിന്തുണ നൽകിയ ചിലരെ കൂടി നേതൃത്വം നിരീക്ഷിക്കുന്നുണ്ടെന്നുമാണ് ലഭ്യമായ വിവരം

ടി.കെ.ഗോവിന്ദൻ മേൽനോട്ടം വഹിച്ച സ്ഥാപനങ്ങൾ,​പദവികൾ

മലപ്പട്ടം സഹകരണ ബാങ്ക്- പ്രസിഡന്റ്, കാർഷിക ഗ്രാമ വികസന ബാങ്ക്- പ്രസിഡന്റ്, പരിയാരം മെഡിക്കൽ കോളജ് -ചെയർമാൻ, ഹാൻഡ്ലൂം കോർപ്പറേഷൻ -ചെയർമാൻ, കേരള ക്ലേ ആൻഡ് സെറാമിക്സ് -ചെയർമാൻ

വി.കുഞ്ഞികൃഷ്ണൻ മേൽനോട്ടം വഹിച്ച സ്ഥാനങ്ങൾ -പദവികൾ

വെള്ളൂർ സഹകരണ ബാങ്ക് -പ്രസിഡന്റ്, പയ്യന്നൂർ റൂറൽ സഹകരണ ബാങ്ക്- സെക്രട്ടറി ..