തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി പോങ്ങനാട്

Saturday 18 April 2026 12:10 AM IST

കിളിമാനൂർ: കാട്ടുപന്നിക്ക് പുറമെ തെരുവ് നായ ശല്യവും വർദ്ധിച്ചതോടെ പൊറുതി മുട്ടി ജനം. കിളിമാനൂർ പഞ്ചായത്തിന്റെ വിവിധയിടങ്ങൾ സന്ധ്യ കഴിഞ്ഞാൽ തെരുവ് നായ്ക്കൾ കൈയടക്കും.ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന ഇവ കാൽനടയാത്രക്കാരെയാണ് കൂടുതലായി ആക്രമിക്കുന്നത്. പ്രഭാത സവാരിക്കിറങ്ങുന്നവരും,പത്ര വിതരണത്തിന് എത്തുന്നവരും പലപ്പോഴും ഭാഗ്യം കൊണ്ടാണ് നായയുടെ കടിയിൽ നിന്ന് രക്ഷപ്പെടുന്നത്. വിഷു ദിനത്തിൽ പോങ്ങനാട് രണ്ടു പേരെ നായ ആക്രമിച്ചു. പോങ്ങനാട് ജംഗ്ഷനിൽ ഒട്ടോ ഓടിക്കുന്ന വാസു,തുളസി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. വളർത്തു മൃഗങ്ങളെയും നായ കടിക്കുന്നത് നിത്യ സംഭവമാണ്. സ്കൂൾ പരിസരം,വെയിറ്റിംഗ് ഷെഡ്,മാർക്കറ്റ് എന്നിവിടങ്ങളിൽ സദാ സമയവും തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്.

രക്ഷയില്ലാതെ യാത്രക്കാരും

ഇരുചക്ര വാഹനങ്ങളിലെത്തുന്നവരും അതീവ ജാഗ്രതയോടെയാണ് ഇതുവഴി കടന്നുപോകുന്നത്.എന്നാൽ അപ്രതീക്ഷിതമായി നായ്ക്കൾ കുറുകെ ചാടുകയും അപകടങ്ങളുമുണ്ടാകാറുണ്ട്. വന്ധ്യംകരണം ചെയ്ത നായ്ക്കളെ ഉൾപ്പടെ വാഹനങ്ങളിൽ കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

 തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനുമായി ആരംഭിച്ച എ.ബി.സി പദ്ധതി നിലച്ചമട്ടാണ്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് അനിമൽ ബർത്ത് കൺട്രോളിംഗ് (എ.ബി.സി) പദ്ധതി നടന്നിരുന്നത്. എ.ബി.സി കേന്ദ്രം,അഭയകേന്ദ്ര നിർമ്മാണം,തെരുവുനായ പിടുത്തത്തിന് പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതി തയാറാക്കണം

പോങ്ങനാട് രാധാകൃഷ്ണൻ,പൊതു പ്രവർത്തകൻ