തൃശൂർ പൂരം: 'ചൂടിനെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കും'

Saturday 18 April 2026 12:15 AM IST

തൃശൂർ: ജില്ലയിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൂരം വീക്ഷിക്കാനെത്തുന്ന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെടുക്കാൻ തീരുമാനം. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഉയർന്ന ചൂട്, സൂര്യാഘാതം, നിർജലീകരണം പോലെയുള്ള അപകടങ്ങൾ പ്രതിരോധിക്കാൻ പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

യോഗത്തിൽ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ, തൃശൂർ കോർപ്പറേഷൻ സെക്രട്ടറി, പാറമേക്കാവ് - തിരുവമ്പാടി ദേവസ്വം അധികൃതർ, ദേവസ്വം കമ്മിഷണർ തുടങ്ങിയവർ പങ്കെടുത്തു.

ആനകളെ ചൂടിൽ നിന്ന് രക്ഷിക്കണം

ആനകൾക്ക് ചൂടിൽ നിന്ന് സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണെന്നും തണ്ണിമത്തൻ, വെള്ളരി തുടങ്ങിയ ഫലവർഗങ്ങൾ ആനകൾക്ക് യഥേഷ്ടം നൽകണമെന്നും ഇടയ്ക്കിടെ തറ നനച്ചു നൽകണമെന്നും യോഗത്തിൽ തീരുമാനിച്ചു. അത്യാഹിത സാഹചര്യങ്ങളുണ്ടായാൽ പ്രഥമശുശ്രൂഷ നൽകാനും ആംബുലൻസ് സേവനം തടസമില്ലാതെ നടത്താനും ആരോഗ്യവകുപ്പും പൊലീസും നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുയർന്നു.