മുംബയിൽ 119 കോടി രൂപയുടെ ആഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും
ബോളിവുഡിലെ പ്രശസ്തമായ താരദമ്പതികളാണ് രൺവീർ സിംഗും ദീപിക പദുക്കോണും. ബോളിവുഡിലെ ഏറ്റവും വലിയ പണവാരിപ്പടമായ ധുരന്തർ 2വിന്റെ വിജയത്തിളക്കത്തിലാണ് രൺവീർ. ദീപികയാകട്ടെ ഈ വർഷം പുറത്തിറങ്ങുന്ന ഷാരൂഖ് ഖാന്റെ കിംഗിലൂടെ വീണ്ടും വെള്ളിത്തിരയിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. കരിയറിൽ തിളങ്ങി നിൽക്കുന്ന താരദമ്പതികൾ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. മുംബയിലെ ഏറ്റവും പ്രശസ്തമായ ബാന്ദ്ര ബാൻഡ് സ്റ്റാൻഡിൽ കടലിന് അഭിമുഖമായുള്ള അത്യാഡംബര വസതിയിലേക്ക് താമസം മാറാനൊരുങ്ങുകയാണ് താരജോഡികൾ.
സെലിബ്രിറ്റികളുടെ വീടുകൾ നിറഞ്ഞ മുംബയ് നഗരത്തിന്റെ ഹൃദയഭാഗത്താണ് രൺവീറും ദീപികയും തങ്ങളുടെ പുതിയ ക്വാഡ്രപ്ലെക്സ് സ്വന്തമാക്കിയത്. നാഗ്പാൽ ഡെവലപ്പേഴ്സ് നിർമ്മിച്ച സാഗർ രേഷാം ഹൗസിംഗ് സൊസൈറ്റിയിലെ 16 മുതൽ 19 വരെ നിലകളിലായാണ് വീട് ഒരുങ്ങുന്നത്. 2022ലാണ് ഇവർ ഇത് വാങ്ങുന്നത്. 11,266 ചതുരശ്ര അടിയിലാണ് വീട്. അറബിക്കടലിന്റെ പനോരമിക് കാഴ്ച ആസ്വദിക്കാൻ കഴിയുന്ന 1300 ചതുരശ്ര അടിയുള്ള വിശാലമായ ടെറസ് വീടിന്റെ പ്രത്യേകതയാണ്. 2024 ൽ ദീപിക ഈ കെട്ടിടത്തിന്റെ 15-ാം നിലയിൽ 17.8 കോടി രൂപയ്ക്ക് മറ്റൊരു അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നു.
ഇതോടെ ഈ കെട്ടിടത്തിലെ ഭൂരിഭാഗം പ്രീമിയം സ്പേസും താരദമ്പതികളുടെ പേരിലായി മാറി. ഷാരൂഖ് ഖാന്റെ മന്നത്തിനും സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്ട്മെന്റിനും തൊട്ടടുത്താണ് രൺവീറിന്റെയും ദീപികയുടെയും ഈ വസതി. ബാന്ദ്രയിലെ പുതിയ വസതിക്ക് പുറമേ മുംബയിലെ പ്രഭാദേവിയിലെ ബ്യൂമോണ്ടെ ടവേഴ്‌സിലും ദീപികയ്ക്ക് ഫ്ലാറ്റുണ്ട്. ഇതേ കെട്ടിടത്തിൽ മറ്റൊരു അപ്പാർട്ട്മെന്റും ഇവർ ലീസിന് എടുത്തിട്ടുണ്ട്. 2021ൽ അലിബാഗിൽ 22 കോടിയുടെ 5 ബി.എച്ച്.കെ ആഡംബര ബംഗ്ലാവ് ഇവർ സ്വന്തമാക്കിയിരുന്നു.