രാഹുലിന്റെ ഇരട്ട പൗരത്വം അന്വേഷിക്കാൻ ഉത്തരവ്

Saturday 18 April 2026 3:34 AM IST

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടോയെന്ന് പരിശോധിക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഉത്തരവിട്ടു. രാഹുലിന് ബ്രിട്ടീഷ് പൗരത്വം കൂടിയുണ്ടെന്ന ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്ര‌ർ ചെയ്‌ത് അന്വേഷിക്കണം. ഉത്തർപ്രദേശ് പൊലീസിനോ, കേന്ദ്ര ഏജൻസികൾക്കോ അന്വേഷിക്കാമെന്നും ജസ്റ്റിസ് സുഭാഷ് വിദ്യാ‌ർത്ഥിയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

കർണാടകയിലെ ബി.ജെ.പി പ്രവർത്തകനായ വിഘ്‌നേഷ് ശിശിർ സമർപ്പിച്ച ഹർജിയിലാണ് നടപടി. ആഭ്യന്തര മന്ത്രാലയം മുദ്രവച്ച കവറിൽ കൈമാറിയ രേഖകൾ കോടതി പരിശോധിച്ചിരുന്നു. നേരത്തെ ലക്‌നൗവിലെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

തെളിവുണ്ടെന്ന് ഹർജിക്കാരൻ

രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് തെളിയിക്കുന്ന രേഖകളും, അവിടുത്തെ സർക്കാരിന്റെ ചില ഇ മെയിലുകളും തന്റെ പക്കലുണ്ടെന്ന് ഹ‌ർജിക്കാരൻ വാദിച്ചിരുന്നു. രാഹുൽ തന്നെ ചില രേഖകളിൽ ബ്രിട്ടീഷ് പൗരത്വം സമ്മതിച്ചിട്ടുണ്ട്. 2003ൽ രജിസ്റ്റർ ചെയ്‌ത ബാക്ക്ഡ്രോപ്പ്സ് എന്ന കമ്പനിയിൽ രാഹുലിന് പങ്കുണ്ട്. കമ്പനിയുടെ 2005, 2006 വാർഷിക റിട്ടേണുകളിൽ രാഹുലിനെ ബ്രിട്ടീഷ് പൗരനായിട്ടാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. 2009ൽ ഈ കമ്പനി അടച്ചുപൂട്ടി . 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതേ കമ്പനിയുടെ കാര്യം രാഹുൽ നാമനിർദ്ദേശപത്രികയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ രാഹുലിന് യോഗ്യതയില്ല. ലോക്‌സഭാംഗത്വം വഹിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.