ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകം, കർണാടകയിൽ കോൺ. എം.എൽ.എയ്ക്ക് ജീവപര്യന്തം
ബംഗളൂരു: കർണാടകയിൽ ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എം.എൽ.എയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ധാർവാഡ് എം.എൽ.എ വിനയ് കുൽക്കർണിയും മറ്റ് 16 പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം ബംഗളൂരുവിലെ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. സി.ബി.ഐ കുറ്റപത്രത്തിൽ കൊലക്കുറ്റവും ക്രിമിനൽ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞതായി കോടതി കണ്ടെത്തി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് വിനയ് അയോഗ്യനായി. 2016 ജൂൺ 15നാണ് ധാർവാഡിൽ ബി.ജെ.പി നേതാവും ജില്ലാ പഞ്ചായത്തംഗവുമായ യോഗേഷ് ഗൗഡയെ അക്രമികൾ വെട്ടിക്കൊന്നത്. ആറ് പ്രതികളെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആറിൽ വിനയ്‌യുടെ പേരുണ്ടായിരുന്നില്ല. 2019ൽ കേസ് സി.ബി.ഐക്ക് കൈമാറി. സി.ബി.ഐ വിനയ്‌യെ പ്രതിചേർത്തു. 2020 നവംബറിൽ വിനയ് അറസ്റ്റിലായി. 2021 ഓഗസ്റ്റിൽ സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതോടെ ജാമ്യം റദ്ദാക്കി.