ആഹ്ലാദത്തിൽ പ്രതിപക്ഷം

Saturday 18 April 2026 3:36 AM IST

ന്യൂഡൽഹി: അടുത്ത കാലത്തെങ്ങും കാണാത്ത തരത്തിലുള്ള പ്രതിപക്ഷ ഐക്യമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലോക്‌സഭ കണ്ടത്. മണ്ഡല പുനർനിർണയ വിഷയത്തിൽ 'ഇന്ത്യ' മുന്നണിയിലെ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നിന്നു. വോട്ടെടുപ്പിനെ പ്രതിപക്ഷത്തെ ആരും ബഹിഷ്ക്കരിച്ചില്ല. ചില പാ‌ർട്ടികളുമായി രഹസ്യ ചർച്ചകൾ നടന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം പ്രതിപക്ഷത്തെ നേതാക്കൾ ചിരിച്ചു തള്ളിയിരുന്നു. 98 അംഗങ്ങളുള്ള കോൺഗ്രസും, 37 എം.പിമാരുള്ള സമാജ്‌വാട്ടി പാ‌ർട്ടിയും, 28 എം.പിമാരുള്ള തൃണമൂൽ കോൺഗ്രസും, 22 എം.പിമാരുള്ള ഡി.എം.കെയും അടക്കം കൈകോർത്തു. ബംഗാളിൽ കോൺഗ്രസുമായി തൃണമൂൽ കോൺഗ്രസ് ഇടഞ്ഞുനിൽക്കുന്ന രാഷ്ട്രീയ സാഹചര്യമുണ്ട്. എന്നാലത് ലോക്‌സഭയിൽ പ്രതിഫലിച്ചില്ല. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ ഫോണിൽ വിളിച്ചു നന്ദി പറഞ്ഞു. ജനാധിപത്യത്തിലെ ചരിത്രദിനമെന്നാണ് തൃണമൂൽ എം.പി മഹുവ മൊയിത്ര വിശേഷിപ്പിച്ചത്.

ഇതു ട്രെയിലർ മാത്രം : എം.കെ. സ്റ്റാലിൻ

തമിഴ്നാടിനെതിരയുള്ള ബിൽ പരാജയപ്പെട്ടെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചത്. ഈ വിജയം തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള ട്രെയില‌ർ മാത്രമാണ്. ഡി.എം.കെ 200ൽ അധികം സീറ്റ് നേടുമെന്നും അവകാശപ്പെട്ടു.