ഇറാൻ ഹോർമുസ് തുറന്നു ; യുദ്ധത്തിന് അറുതിയായേക്കും, സമാധാന കരാർ ഉടനെന്ന് ട്രംപ്
നാവിക ഉപരോധം തുടരും
ടെഹ്റാൻ: പശ്ചിമേഷ്യയെ സ്തംഭിപ്പിച്ച ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന. ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു. ഹോർമുസ് പ്രതിസന്ധി അവസാനിച്ചെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനു നന്ദിയും രേഖപ്പെടുത്തി. യു.എസിന്റെ സഹായത്തോടെ ഹോർമുസിലെ നാവിക മൈനുകൾ ഇറാൻ നീക്കിത്തുടങ്ങിയെന്നും ട്രംപ് അറിയിച്ചു.
അധികം വൈകാതെ ഇരുരാജ്യങ്ങളും സമാധാന കരാറിൽ എത്തിച്ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനടുത്തേക്ക് എത്തിയെന്ന് ട്രംപ് അറിയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇറാൻ ഹോർമുസ് തുറന്നത്. സൗദി, യു.എ.ഇ, ഖത്തർ എന്നിവയുടെ ഇടപെടൽ നിർണായകമായി.
ഈ മാസം 8ന് നിലവിൽ വന്ന ഇറാൻ- യു.എസ് വെടിനിറുത്തലിന്റെ കാലാവധി 21ന് അവസാനിക്കും. അതിനുമുമ്പേ കരാറിലെത്താൻ മദ്ധ്യസ്ഥ രാജ്യങ്ങൾ തീവ്രശ്രമം തുടരുകയാണ്. വെടിനിറുത്തൽ കാലയളവിൽ എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് കടക്കാമെന്നാണ് ഇറാന്റെ പ്രഖ്യാപനം.
അതേസമയം, അന്തിമ കരാറിലെത്തും വരെ ഇറാന്റെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരും. വെടിനിറുത്തൽ നീട്ടാമെന്ന് സൂചിപ്പിച്ച ട്രംപ്, അതിന്റെ ആവശ്യം വരില്ലെന്നും അവകാശപ്പെട്ടു.
# കടമ്പകൾ ഇനിയും
സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാൻ ഇറാൻ സമ്മതിച്ചെന്ന് ട്രംപ്. ഇല്ലെന്ന് ഇറാൻ
20 വർഷത്തേക്ക് ഇറാൻ സമ്പുഷ്ടീകരണം നിറുത്തണമെന്ന് യു.എസ്. 5 വർഷത്തേക്ക് നിറുത്താമെന്ന് ഇറാൻ
യുറേനിയം കൈമാറ്റത്തിനു ഇറാന് 2,000 കോടി ഡോളർ നൽകിയേക്കുമെന്ന റിപ്പോർട്ട് ട്രംപ് തള്ളി. എന്നാൽ ഉപരോധങ്ങൾ നീക്കും. നഷ്ടപരിഹാരം വേണമെന്ന് ഇറാൻ
വിഷയം ചർച്ച ചെയ്യാൻ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഉടൻ ചർച്ച
ഹോർമുസ് കടലിടുക്ക് ഇറാൻ ഇനി ഒരിക്കലും അടയ്ക്കില്ല. ഒരിക്കലും ലോകത്തിനെതിരെ ആയുധമാക്കില്ല.
- ഡൊണാൾഡ് ട്രംപ്,
യു.എസ് പ്രസിഡന്റ്