നാറ്റോ പേപ്പർ പുലി: ട്രംപ്

Saturday 18 April 2026 7:45 AM IST

വാഷിംഗ്ടൺ: നാറ്റോ സൈനിക സഖ്യത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോയെ കൊണ്ട് യു.എസിന് ഒരുപയോഗവും ഇല്ലെന്നും അവർ ഒരു പേപ്പർ പുലി മാത്രമാണെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് വിഷയം താൻ പരിഹരിച്ച പിന്നാലെ, എന്തെങ്കിലും സഹായം വേണോയെന്ന് ചോദിച്ച് നാറ്റോയുടെ ഫോൺ വിളിയെത്തിയെന്ന് ട്രംപ് അവകാശപ്പെട്ടു. അവരോട് മാറി നിൽക്കാൻ താൻ ആവശ്യപ്പെട്ടെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം സാഹചര്യങ്ങൾ അനുവദിക്കുന്ന മുറയ്ക്ക് ഹോർമുസിലെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാനുള്ള സമാധാനപരമായ ഒരു അന്താരാഷ്ട്ര ദൗത്യത്തിന് യു.കെയും ഫ്രാൻസും ചേർന്ന് നേതൃത്വം നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ അറിയിച്ചു. അടുത്തയാഴ്ച ലണ്ടനിൽ ഇതു സംബന്ധിച്ച ചർച്ച നടത്തും.

ഇന്നലെ ഫ്രാൻസും യു.കെയും അടക്കം 40 രാജ്യങ്ങളുടെ പ്രതിനിധികളുടെ വെർച്വൽ യോഗം ചേർന്നതിനുപിന്നാലെയാണ് പ്രഖ്യാപനം. ഇന്ത്യയ്ക്കായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്ഥിതിഗതികൾ വിശദീകരിച്ചിരുന്നു.

ലെബനനിൽ ഇസ്രയേൽ

ബോംബിടില്ല

ലെബനനിൽ ഇസ്രയേൽ ഇനി ബോംബിടില്ലെന്നും യു.എസ് അതിന് വിലക്കേർപ്പെടുത്തിയെന്നും ട്രംപ്. ലെബനനിൽ പത്ത് ദിവസത്തെ ഇസ്രയേൽ വെടിനിറുത്തൽ ഇന്നലെ പ്രാബല്യത്തിൽ വന്നതിനുപിന്നാലെയാണ് പ്രതികരണം. ഹിസ്ബുള്ള ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയം ലെബനീസ് സർക്കാരുമായി യു.എസ് ചർച്ച ചെയ്യുമെന്നും ട്രംപ് അറിയിച്ചു. മാർച്ച് 2 മുതൽ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 2,290 ലേറെ പേരാണ് കൊല്ലപ്പെട്ടത്.