'ഒരു സാധാരണ സിനിമാക്കാരനല്ല ഞാൻ, എല്ലാത്തിനും  ഒരു  പരിധിയുണ്ട്'; മന്തിക്കടയുടെ വിഷു പോസ്റ്ററിനെതിരെ വിമർശനം

Saturday 18 April 2026 11:15 AM IST

മന്തിക്കടയുടെ വിഷു പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. എല്ലാത്തിനും ഒരു പരിധിയുണ്ട്. വിശ്വാസികളുടെ വികാരങ്ങൾ ബഹുമാനിക്കണമെന്നും ഇത് അറപ്പുളവാക്കുന്ന കാര്യമാണെന്നുമാണ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് നടൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

വിഷയത്തിൽ ഒരാൾ പങ്കുവച്ച കമന്റിലും ഉണ്ണി മുകുന്ദൻ പ്രതികരിച്ചു. 'ഇത്തരം മോശം പ്രവൃത്തികളെ ഞാൻ അംഗീകരിക്കാത്തതിന്റെ കാരണം മിണ്ടാതിരിക്കുമ്പോഴെല്ലാം ഇത്തരം ഹീനമായ പ്രവൃത്തികൾ സാധാരണമായി തോന്നും. ഇതെല്ലാം നിസാരമായി എടുക്കാൻ എന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാവരോടും പറയാനുള്ളത് നിങ്ങൾ അതിൽ നിന്ന് മാറിനിൽക്കണമെന്നാണ്. എന്റെ വിശ്വാസങ്ങളെക്കുറിച്ചുള്ള തമാശകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണ സിനിമാക്കാരനല്ല ഞാൻ. എല്ലാ മതവികാരങ്ങളെയും ഞാൻ ബഹുമാനിക്കുന്നതിനാൽ നിങ്ങൾ എന്റെ വിശ്വാസത്തെയും ബഹുമാനിക്കണം. എല്ലാ മര്യാദകളിലും മതേതരമായി തുടരുക. ചെയ്യരുത് എന്നുപറഞ്ഞാൽ അത് ചെയ്യരുത് എന്നുതന്നെയാണ്. കൂടുതൽ വിശദീകരണങ്ങൾ ആവശ്യമില്ല. ഒരു വിഷു പോസ്റ്റർ മാത്രമായിട്ട് തോന്നുന്നില്ല'- എന്നാണ് നടൻ കുറിച്ചത്. 'എനിക്കതൊരു വിഷു പോസ്റ്റർ ആയിട്ട് തോന്നി. ഇത് ഇത്ര വലിയ പ്രശ്‌നം ആക്കുന്നത് കണ്ടപ്പോഴാണ് പ്രതികരിക്കാൻ തോന്നിയത്' എന്ന കമന്റിനാണ് നടൻ മറുപടി നൽകിയത്.

മന്തിക്കടയുടെ വിഷുദിന പോസ്റ്റർ വിവാദമായതിന് പിന്നാലെ ഹോട്ടലുടമ അറസ്റ്റിലായിരുന്നു. ചേർത്തലയിലായിരുന്നു സംഭവം. ചേർത്തല മെഹർ മന്തിക്കട ഉടമ അർഷാദാണ് അറസ്റ്റിലായത്. വിഷുദിന പോസ്റ്ററിൽ ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി ഉള്ളതാണ് വിവാദമായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.