യുഎസ് ഉപരോധം: ഹോർമുസ് വീണ്ടും അടച്ച് ഇറാൻ, കപ്പലിന് നേരെ വെടിവയ്പ്
ടെഹ്റാൻ: ലബനനിലെ വെടിനിർത്തലിന് പിന്നാലെ തുറന്ന ഹോർമൂസ് വീണ്ടും അടച്ച് ഇറാൻ. യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്നാണ് ഹോർമുസ് കടലിടുക്ക് 24 മണിക്കൂറിനകം ഇറാൻ അടച്ചത്. യു,എസ് ഉഫരോധം പിൻവലിക്കും വരെ കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാൻ സൈന്യത്തിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെ ഹോർമുസിൽ കപ്പലിന് നേരെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്.
ഒമാനിൽ നിന്ന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി രണ്ട് ഗൺബോട്ടുകൾ ഒരു ടാങ്കറിന് നേരെ വെടിയുതിർത്തെന്ന വിവരമാണ് പുറത്തുവന്നത്. മുന്നറിയപ്പൊന്നും നൽകാതെയാണ് വെടിവയ്പെന്ന് യു.കെ. മാരിടൈം ഏജൻസി അറിയിച്ചു. അതേസമയം കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം.
ലെബനനിലെ വെടിനിർത്തലിന് അനുസൃതമായി നിശ്ചിത റൂട്ടിലൂടെയുള്ള യാത്ര അനുവദനീയമാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നത്. ഇതിന് മറുപടിയായാണ് ഇറാനുമായുള്ള ഇടപാടുകൾ പൂർത്തിയാകുന്നത് വരെ കടലിടുക്കിലെ നാവിക ഉപരോധം നിലനിൽക്കുമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. കരാറിലെത്തിയില്ലെങ്കിൽ യുഎസ് വീണ്ടും ബോംബുകൾ വർഷിക്കാൻ തുടങ്ങിയേക്കുമെന്നും ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഹോർമുസിലൂടെയുള്ള യാത്ര നിശ്ചിത റൂട്ടിലൂടെ ഇറാന്റെ അനുമതിയോടെ മാത്രമേ നടത്താവൂ എന്ന് വ്യക്തമാക്കി അരാഗ്ചി രംഗത്തെത്തിയത്.
ട്രംപ് ഒരു മണിക്കൂറിനുള്ളിൽ നടത്തിയ ഏഴ് അവകാശവാദങ്ങളും തെറ്റാണെന്നും നുണകൾ കൊണ്ട് യുദ്ധം ജയിക്കാനാവില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവനകളോടുള്ള ഘാലിബഫിന്റെ പ്രതികരണം. എന്നാൽ, ഈ അവകാശവാദങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. 'ഒരു മണിക്കൂറിൽ ഏഴ് അവകാശവാദങ്ങളാണ് ട്രംപ് നടത്തിയത്. ആ ഏഴ് അവകാശവാദങ്ങളും തെറ്റായിരുന്നു. നുണകൾ കൊണ്ട് യുദ്ധം ജയിക്കാൻ അവർക്ക് കഴിഞ്ഞില്ല. സമാധാന ചർച്ചകളിലും അവർ എവിടെയും എത്താൻ പോകുന്നില്ല. ഉപരോധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കില്ല. തുറക്കണോ അടയ്ക്കണോ എന്നത് തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ല.' എന്നാണ് ഘാലിബഫ് കുറിച്ചത്.ഇറാന്റെ ആണവ കേന്ദ്രങ്ങളിൽനിന്ന് സമ്പുഷ്ടീകരിച്ച യുേറനിയം നീക്കം ചെയ്ത് അമേരിക്കയിലേക്ക് മാറ്റുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇറാന്റെ യുറേനിയം ശേഖരം ഒരിടത്തേക്കും മാറ്റില്ലെന്നും അത്തരമൊരു വിഷയം ചർച്ചകളിൽ ഉയർന്നു വന്നിട്ടില്ലെന്നും വ്യക്തമാക്കിയ ഇറാൻ വിദേശകാര്യ മന്ത്രാലയം ഈ അവകാശവാദവും നിഷേധിച്ചു.