വ്യാപക പ്രചാരണത്തിന് ഭരണ,​ പ്രതിപക്ഷ മുന്നണികൾ; 'വനിതാ ബില്ലിൽ ' ആളിക്കത്തി പ്രതിഷേധം

Sunday 19 April 2026 2:39 AM IST

ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിനുശേഷവും വിഷയം സജീവമാക്കി നിറുത്തുകയാണ് എൻ.ഡി.എയും 'ഇന്ത്യ" മുന്നണിയും. രാജ്യവ്യാപക പ്രചാരണത്തിനിറങ്ങാനാണ് ഭരണ - പ്രതിപക്ഷ മുന്നണികളുടെ നീക്കം. പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്ന് ആവർത്തിക്കുന്ന എൻ.ഡി.എ നേതാക്കൾ, ജനങ്ങൾക്കിടെ വിപുലമായ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. രാജ്യവ്യാപകമായി വാ‌ർത്താ സമ്മേളനങ്ങൾ വിളിക്കാൻ 'ഇന്ത്യ" മുന്നണിയും ആലോചിക്കുന്നു. വനിതാ സംവരണത്തെയല്ല, അതിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്തി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടത്തെ മാറ്റാനുള്ള ശ്രമത്തെ തടയുകയായിരുന്നുവെന്ന് പ്രതിപക്ഷം വിശദീകരിക്കും. 2023ലെ വനിതാ സംവരണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയയ്ക്കും. ഇന്നലെ ബി.ജെ.പി തെരുവിൽ പ്രതിഷേധത്തിനിറങ്ങി. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത, നടിയും എം.പിയുമായ ഹേമ മാലിനി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സുനേരിബാഗിലെ വസതിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാ‌ർ രാഹുലിന്റെ കോലം കത്തിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്രമന്ത്രി രക്ഷാ ഖദ്സെ, ലോക്‌സഭാംഗം ബാൻസുരി സ്വരാജ് എന്നിവരടക്കം നേതാക്കളെ കസ്റ്റ‌ഡിയിലെടുത്തു. ഇന്നലെ കൈയിൽ കറുത്ത ബാൻഡ് ധരിച്ചാണ് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത ഒരു ചടങ്ങിൽ പങ്കെടുത്തത്.

ബില്ലിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാത്തത് സർക്കാരിന്റെ പരാജയമല്ല. കോൺഗ്രസിന് വനിതകളുടെ കോപം നേരിടേണ്ടി വരും. അവർക്കുമേലുള്ള കറുത്ത പാടാണിത്. രാജ്യത്തിന്റെ കറുത്ത ദിനമായിരുന്നു.

-കിരൺ റിജിജു

കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി

വനിതാ സംവരണത്തിന്റെ പേരു പറഞ്ഞ് രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകിടം മറിക്കാനായിരുന്നു മോദി സർക്കാരിന്റെ ശ്രമം. ബിൽ പരാജയപ്പെട്ടത് രാഷ്ട്രീയ വിജയം. അതേസമയം, അവസരം ലഭിക്കുമ്പോൾ വീണ്ടും മണ്ഡല പുന‌ർനിർണയ നീക്കം കേന്ദ്രം നടത്തുമെന്നാണ് സൂചനകൾ.

-പ്രിയങ്ക ഗാന്ധി എം.പി,​

കോൺഗ്രസ് നേതാവ്

പാക് അധീന

കാശ‌്മീരും ലക്ഷ്യമിട്ടിരുന്നു

വനിതാ സംവരണ ബില്ലിനൊപ്പം കേന്ദ്രഭരണപ്രദേശങ്ങളിലെ ലോക്‌സഭാ-നിയമസഭാ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ബില്ലും അവതരിപ്പിച്ചിരുന്നു. ജമ്മു കാശ്‌മീർ നിയമസഭയിൽ നിലവിൽ 90 സീറ്റുകളാണുള്ളത്. 114 സീറ്റായി ഉയർത്താൻ മണ്ഡല പുനർനിർണയ കമ്മിഷന് അധികാരം നൽകുന്ന വ്യവസ്ഥ കേന്ദ്രഭരണപ്രദേശ ഭേദഗതി ബില്ലിലുണ്ടായിരുന്നു. പാക് അധീന കാശ‌്മീരിൽ 24 നിയമസഭാ സീറ്റുകളായിരുന്നു ലക്ഷ്യം. പാക് അധീന കാശ്‌മീർ ഇന്ത്യയുടെ അനിവാര്യഘടകമാണെന്നത് പ്രഖ്യാപിത നിലപാടാണ്. മേഖല ഇന്ത്യയോട് ചേരുന്ന സമയമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നത്.