ചരിത്രം സാക്ഷി, ആറ്റാമംഗലം പള്ളി ഹാൾ പുതിയ ലുക്കിൽ

Saturday 18 April 2026 8:59 PM IST

കുമരകം : മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയ് ഉൾപ്പെടെ പ്രസംഗിച്ച കുമരകം ആറ്റാമംഗലം പള്ളി പാരീഷ് ഹാൾ ഇനി പുതിയ ലുക്കിൽ.

നവീകരിച്ചഹാളിന്റെ (മിഖായേൽ മോർ ദിവന്നാസിയോസ് ഹാൾ) കൂദാശയും ഉദ്ഘാടനവും ഇന്ന് നടക്കും.

രാവിലെ 10ന് യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്ത കൂദാശ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഗോപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

കുമരകത്തെ ആദ്യത്തെ പാരീഷ് ഹാളാണ് ഇപ്പോൾ നവീകരിച്ചരിക്കുന്നത്. 2000ൽ കുമരകം സന്ദർശിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് കുമരകം പാക്കേജ് നാടിന് സമർപ്പിച്ചത് ഈ ഹാളിലാണ്. 750ൽ അധികം പേർക്ക് ഇരിക്കാവുന്ന ഹാളിൽ എ.സി. സംവിധാനമുണ്ട്. വിശാലമായ വാഹന പാർക്കിംഗും സജ്ജീകരിച്ചിട്ടുണ്ട്. മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ ഹാൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് വികാരി ഫാ:അഭിലാഷ് എബ്രഹാം വലിയവീട്ടിൽ, സഹവൈദികൻ നൈനാൻ ഫിലിപ്പ് എട്ടുപറയിൽ,ട്രസ്റ്റി ജേക്കബ് പി ജോർജ്, സെക്രട്ടറി സോബി മാത്യു എടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു