അനുവദിച്ചില്ലല്ലോ മനുഷ്യനായി ജീവിക്കാൻ !
ജാതി അധിക്ഷേപത്തിന്റെ പേരിൽ നിതിൻ രാജ് എന്ന ബി.ഡി.എസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത സംഭവം സമൂഹ മനസാക്ഷിയെ ആകെ ആകുലമാക്കിയിരിക്കുകയാണ്. പൊതുജീവിതത്തിൽ ഒരുവന്റെ ജാതിയും നിറവും ധനസ്ഥിതിയുമൊക്കെ വിളിച്ചു പറഞ്ഞു അധിക്ഷേപിക്കുന്നതും അതിൽ മനംനൊന്ത് ജീവനൊടുക്കുന്നതും ആധുനിക കേരളത്തിൽ, ഈ ശാസ്ത്രയുഗത്തിൽ ഒരു യുവാവ് ആണെന്ന് ചിന്തിക്കുമ്പോൾ നമ്മൾ നേടിയതെല്ലാം കളഞ്ഞ്, പഴയ നൂറ്റാണ്ടിലേക്ക് പുറകോട്ട് സഞ്ചരിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു. നരനു നരൻ അശുദ്ധ വസ്‌തുവായിരുന്ന കാലത്ത് നിന്ന് ധരയിൽ നടപ്പതു തീണ്ടലായിരുന്ന ഇരുണ്ട കാലത്ത് നിന്നും അറിവിന്റെ വെളിച്ചവുമായി വിശ്വ ഗുരുവായ ശ്രീനാരായണ ഗുരുദേവനും ശിഷ്യന്മാരായ ഡോക്ടർ പൽപ്പുവും കുമാരനാശാനും സഹോദരൻ അയ്യപ്പനും നവോത്ഥാന നായകന്മാരായ അയ്യങ്കാളിയും മന്നത്ത് പത്മനാഭനും വി.ടി ഭട്ടതിരിപ്പാടും വഴി നടത്തിയ ലോകത്തിന്റെതന്നെ മാതൃക സ്ഥാനം എന്ന പേര് കേട്ട കേരളത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് സമൂഹം മനസ്സിരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഗോത്ര സംസ്‌കാരം ഉൾക്കൊള്ളുന്ന പ്രാകൃത യുഗത്തിൽ നിന്ന് വിദ്യാഭ്യാസവും സംസ്‌കാരവും ശാസ്ത്ര സാങ്കേതിക പഠനവും മാദ്ധ്യമങ്ങളുടെ സ്വാധീനവും ഒക്കെ മനുഷ്യനെ അതിവേഗം പുതിയ മാറ്റത്തിലേക്ക് കൊണ്ടുപോകുന്ന ഈ കാലഘട്ടത്തിൽ മനുഷ്യനെ പുറകോട്ട് നയിക്കുന്ന വർഗ, വർണപരമായ അധമ ചിന്തകൾ മനസ്സിൽ സൂക്ഷിക്കുന്ന ജാതി രാക്ഷസനെ ഹൃദയത്തിൽ പേറുന്ന ആളുകൾ ഉണ്ടെന്നുളളത് സത്യം തന്നെയാണ്. അവർ ഇടയ്ക്കിടയ്ക്ക് വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ഉള്ളിലെ മലിനതയെ പുറത്തേക്ക് വിട്ട് ഈ സമൂഹത്തെ ദുഷിപ്പിക്കുന്നത് കാണാം. അതിന്റെയൊക്കെ പ്രതിഫലനമാണ് ഒരു വിദ്യാർത്ഥിയുടെ ജീവൻ പോലും എടുത്ത ഇത്തരം ദാരുണ സംഭവങ്ങൾ.
'മനുഷ്യന്റെ ജാതി മനുഷ്യത്വം' എന്ന് പഠിപ്പിച്ച ഗുരുവിന്റെ നാട്ടിൽ ജാതി അധിക്ഷേപം മൂലം പാവപ്പെട്ട ഒരു വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ദാരുണമായി ആത്മഹത്യ ചെയ്തുവെന്ന് പറയുമ്പോൾ, വേദനകളും പ്രയാസങ്ങളും ആയി ജീവിത നിലവാരം ഉയർത്തുവാൻ ശ്രമിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ എല്ലാ ആശയും പ്രതീക്ഷയും നഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ, നമ്മൾ കൈവരിച്ച വിദ്യാഭ്യാസ പുരോഗതിക്കും സാംസ്‌കാരിക ഉയർച്ചയ്ക്കും എന്ത് സമാധാനമാണ് ഇതിൽ പറയുവാൻ സാധിക്കുക. മനുഷ്യസമൂഹത്തിന് വിഭാഗീയതയും വേദനയും മാത്രം നൽകിയ ജാതി എന്ന അദൃശ്യ രാക്ഷസനെ പലരും ഹൃദയത്തിൽ പേറുമ്പോൾ ഇത്തരം വേദനാജനകമായ അവസ്ഥകളും വർഗീയമായ സംഘട്ടനങ്ങളും ഒരുപക്ഷേ യുദ്ധം പോലും ഉണ്ടാക്കുന്നത് നിറത്തിന്റെയും ജാതിയുടെയും പേരിലാണെന്ന് നാമോർക്കണം. ഭേദ ചിന്തകൾ വെടിഞ്ഞ് മനുഷ്യർ സഹോദരങ്ങളായി ജീവിക്കേണ്ടതിനു പകരം സമൂഹത്തെ പുറകോട്ട് നയിക്കുവാനും വേദനിപ്പിക്കുവാനും അല്ലാതെ അധമ ജാതി ചിന്തയ്ക്ക് സാധിച്ചിട്ടില്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
ഏറെ പുരോഗമിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പോലും മനുഷ്യനെ ജാതി കൊണ്ടും മതം കൊണ്ടും തരംതിരിക്കുവാനുള്ള സന്ദർഭങ്ങൾ ആയി മാറുന്നതും ആരാധനാലയങ്ങളിൽ ആചാര അനുഷ്ഠാനങ്ങളുടെ പേരിൽ മനുഷ്യനെ ജാതീയമായി തരംതിരിക്കുന്നതും ഒക്കെ തന്നെ മനുഷ്യനിലെ ജാതി ചിന്തയെ ഉറപ്പിക്കുകയും ആ ചിന്ത ഇത്തരം സംഭവങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്യുമ്പോൾ ജാതിപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവർക്കും തന്നെ ഈ ദാരുണ സംഭവത്തിൽ പങ്കില്ല എന്ന് പറയാൻ സാധിക്കില്ല. മനുഷ്യനായി ജനിച്ചു മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാമൂഹിക ചുറ്റുപ്പാടിനെ ഉയർന്ന മൂല്യങ്ങൾ കൊണ്ടും ചിന്തകൾ കൊണ്ടും നമുക്ക് മുമ്പേ സഞ്ചരിച്ച മഹാത്മാക്കൾ മാറ്റിമറിച്ചു ഏവർക്കും ജീവിക്കാനുള്ള മാതൃകാസ്‌ഥാനമാക്കി മാറ്റി എങ്കിലും ആ മാതൃകാസ്ഥാനത്തെ സംരക്ഷിക്കുവാൻ നമുക്ക് സാധിക്കുന്നില്ല എന്ന് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നു.
ഇന്ത്യയുടെ ഭരണഘടനാ ശില്പിയായ ഡോ. ബി.ആർ. അംബേദ്‌കർ സമത്വ സുന്ദരമായ ഒരു രാജ്യത്തെ വിഭാവനം ചെയ്യുമ്പോൾ ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് രാജ്യത്തോടും പൗരന്മാരോടും നീതി പുലർത്തുവാൻ ഭരണാധികാരികൾ ഉൾപ്പെടെ നമുക്കേവർക്കും കടമയുണ്ട്. വിദ്യാഭ്യാസത്തോടൊപ്പം വിവേകം പകരുന്ന ഉയർന്ന ജീവിത മൂല്യങ്ങൾ കൂടി സ്വാംശീകരിക്കുവാൻ സാധിക്കുമ്പോഴാണ് ഉത്തമനായ ഒരു പൗരൻ ഉണ്ടാകുന്നത്. അത്തരം ഉത്തമ വ്യക്തികൾ അടങ്ങുന്ന ഒരു സമൂഹത്തിൽ ശാന്തിയും സമാധാനവും സംരക്ഷിക്കപ്പെടുകയും വേദനിക്കുന്നവൻ്റെ കണ്ണീർ ഒപ്പുകയും ചെയ്യും. ജീവിക്കാനുള്ള അവകാശവും ആത്മാഭിമാനവും നിഷേധിക്കപ്പെടുമ്പോൾ അത് ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും വേദനയല്ല, ഈ സമൂഹത്തിൻ്റെ ആകെ വേദനയായി മാറുകയാണ്. അത് പരിഹരിക്കുവാൻ സാംസ്‌കാരിക കേരളം ഉണർന്ന് ചിന്തിക്കണം എന്ന് മാത്രം പറഞ്ഞു കൊള്ളുന്നു. അകാലത്തിൽ പൊലിഞ്ഞ നിതിൻ രാജിന്റെ വേർപാടിൽ ഹൃദയപൂർവ്വം വേദനിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇനി ഇത് ആർക്കും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.