വാൽപ്പാറ ദുരന്തം നൽകുന്ന പാഠങ്ങൾ
ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലം ഏതുനിമിഷവും പൊട്ടാം. അപകടങ്ങളായും പ്രകൃതി ദുരന്തങ്ങളായും കൊവിഡ് പോലുള്ള മഹാമാരികളായും അത് സംഭവിക്കാം. കടമ്പഴിപ്പുറത്തെ ശ്രീനന്ദയെന്ന പതിനഞ്ചുകാരി വിനോദയാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് കേരളത്തെ നൊമ്പരപ്പെടുത്തിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. നാല്പതംഗ സംഘത്തോടും സ്വന്തം രക്ഷിതാക്കളോടുമൊപ്പം പോയ ശ്രീനന്ദ മലമുകളിൽ നിന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാതെ കൊക്കയിലേക്ക് വീഴുകയായിരുന്നു. നാലുദിവസത്തെ തെരച്ചിലിനുശേഷമാണ് മൃതദേഹം കിട്ടിയത്. ആ ദുഃഖ ദൃശ്യം മായുംമുമ്പേ മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്കൂളിൽ നിന്നു വിനോദയാത്രയ്ക്കു പോയ സംഘത്തിലെ ഒമ്പതുപേർ മരിച്ചത് കേരളത്തെ വീണ്ടും നൊമ്പരപ്പെടുത്തുന്നതായി.
വാൽപ്പാറ - പൊള്ളാച്ചി ചുരം റോഡിൽ 13-ാം ഹെയർപിൻ വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടെമ്പോട്രാവലർ പലതവണ കീഴ്‌മേൽ മറിഞ്ഞ് തെറിച്ച് 9-ാം വളവിലേക്കു പതിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടടുപ്പിച്ചായിരുന്നു അപകടം. പ്രധാനാദ്ധ്യാപിക അജിത, അദ്ധ്യാപകരായ റംല, സുഹ്റ, ആശ, അബ്ദുൽ മജീദ്, ഭാര്യ റുഖിയ, പാചകത്തൊഴിലാളി സാജിത, സുഹ്റയുടെ മകൻ പന്ത്രണ്ടുകാരനായ ഹിഷാം, സമീപ സ്കൂളായ പാങ്ങ് ജി.യു.പി.എസിലെ അദ്ധ്യാപിക ഷക്കീന എന്നിവരാണ് മരിച്ചത്.
അപകടത്തിൽ മരിച്ച ഇരുകണ്ണുകൾക്കും കാഴ്ചശക്തിയില്ലാത്ത മജീദ് മാഷ് കുട്ടികൾക്കും നാട്ടുകാർക്കും അതിജീവനത്തിന്റെ ഉത്തമ മാതൃകയായിരുന്നു. കാഴ്ചയില്ലാഞ്ഞിട്ടും സഹപ്രവർത്തകർക്കൊപ്പം പ്രകൃതിസുന്ദരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ കൂടിയതും ആ സ്നേഹസൗഹൃദങ്ങളുടെ ബലത്തിലാണ്. യാത്രയിൽ ഭർത്താവിനു തുണയായി പങ്കെടുത്ത ഭാര്യ റുഖിയയും അന്ത്യയാത്രയിലും ഒപ്പം ചേർന്നു.
അപകടത്തിൽ മരിച്ചവരെല്ലാം പാങ്ങ് സ്കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ടവരായിരുന്നു. വേനലവധിക്കാലം ആഘോഷിക്കാനാണ് പ്രധാനാദ്ധ്യാപിക ഉൾപ്പെടെയുള്ള സംഘം വാൽപ്പാറയിലേക്കു തിരിച്ചത്. ആതിരപ്പള്ളി വഴി വാൽപ്പാറയിലേക്കുള്ള യാത്രാമദ്ധ്യേ എടുത്ത ഗ്രൂപ്പ് ഫോട്ടോ കണ്ണീരുണങ്ങാത്ത നൊമ്പരചിത്രമായി അവശേഷിക്കും.
രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും ആക്രമണങ്ങളും ജനങ്ങളുടെ സ്വൈരജീവിതത്തിന് കടുത്ത ഭീഷണി ഉയർത്തുന്നു. കൊവിഡിനു ശേഷമുള്ള സ്ഥിതിഗതികൾ ജീവിതത്തിന്റെ അനിശ്ചിതത്വവും സങ്കീർണതകളും വർദ്ധിപ്പിച്ചിട്ടുണ്ട്. കിട്ടുന്ന അവസരങ്ങൾ ഉല്ലാസത്തിനും സമാധാനനിമിഷങ്ങൾക്കുമായി ഉപയോഗിക്കാനുള്ള പ്രവണത ലോകമെമ്പാടും കൂടിയിട്ടുണ്ട്. ആഭ്യന്തര വിദേശയാത്രികരുടെ ഗണ്യമായ വർദ്ധന ഇതിന്റെ പ്രതിഫലനമാണ്. വാൽപ്പാറ അതിരറ്റ സുന്ദരദൃശ്യങ്ങൾക്കൊപ്പം ഏറ്റവും അപകടം പിടിച്ച പ്രദേശം കൂടിയാണ്. പതിമൂന്നാം വളവിൽ നിന്നാൽ താഴെ ആളിയാർ അണക്കെട്ടിന്റെ മനോഹര ദൃശ്യങ്ങൾ കാണാം. വാഹനങ്ങൾ നിറുത്തി കാഴ്ച കാണരുതെന്ന മുന്നറിയിപ്പ് ബോർഡുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കാറില്ല.
സഞ്ചാരികൾ വാഹനങ്ങൾ നിറുത്തിയിടുന്നതു പലപ്പോഴും മറ്റ് വാഹനങ്ങൾക്ക് അപകടങ്ങൾ സൃഷ്ടിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. അപകടം കണ്ട് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത് അതുവഴി വന്ന മറ്റ് സഞ്ചാരികളാണ്. അവർ അറിയിച്ചതനുസരിച്ചാണ് തമിഴ്‌നാട്ടിലെയും കേരളത്തിലെയും ബന്ധപ്പെട്ട അധികൃതർ രക്ഷാപ്രവർത്തനത്തിൽ കൈകോർത്തത്. മലപ്പുറം, പാലക്കാട് ജില്ലകളിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നു. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടിയും വി. ശിവൻകുട്ടിയും വൈകാതെ സംഭവസ്ഥലത്തെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി.
ഏതപകടവും ദുഃഖകരമാണ്. പാങ്ങ് സ്‌കൂളിലെ ഇത്രയും അദ്ധ്യാപികമാർക്ക് ജീവഹാനി സംഭവിച്ചത് അവരുടെ കുടുംബങ്ങൾക്ക് മാത്രമല്ല കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വേദനയുളവാക്കുന്നതാണ്. വാർത്താപ്രാധാന്യം നേടുന്ന അപകടങ്ങൾക്ക് പിന്നാലെ അന്വേഷണങ്ങളും വിദഗ്ദ്ധ നിർദ്ദേശങ്ങളുമൊക്കെ ഉണ്ടാകും. അതിൽ പലതും കാലം കഴിയുമ്പോൾ ഫയലുകളായി ഉറങ്ങുകയും ചെയ്യും. ഏത് വിനോദയാത്രയ്ക്ക് പുറപ്പെടാനൊരുങ്ങുമ്പോഴും പരിചയസമ്പന്നനായ ഡ്രൈവറും ഉണ്ടായിരിക്കണം. വാഹനങ്ങളുടെ സുരക്ഷയും ഫിറ്റ്‌നസും ഉറപ്പാക്കണം. പുതിയ വാഹനമായാലും ഇക്കാര്യത്തിൽ ഉപേക്ഷ പാടില്ല. പ്രത്യേകിച്ച് ഹൈറേഞ്ച് യാത്രകളിൽ. കാരണം വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളിലാണ് യാത്രക്കാരുടെ ജീവൻ എന്നത് മറക്കരുത്.