കൈവിട്ടുപോയ സുവർണാവസരം

Sunday 19 April 2026 12:32 AM IST

രാജ്യത്ത് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന വനിതകളുടെ എണ്ണം പൊതുവെ വർദ്ധിച്ചുവരുന്നതായാണ് കണ്ടുവരുന്നത്. കേരള നിയമസഭയിലേക്ക് ഏപ്രിൽ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തം ഇതിനു ഉദാഹരണമാണ്. എന്നാൽ വോട്ടെടുപ്പിൽ കാണുന്ന ഈ വലിയ പ്രാതിനിദ്ധ്യം നിയമനിർമ്മാണ സഭകളിൽ പ്രകടമല്ലെന്നത് പകൽപോലെ സത്യമായ കാര്യമാണ്. മാത്രമല്ല വലിയ അന്തരമാണുള്ളതെന്ന് പറയേണ്ടതുമില്ല. സംസ്ഥാന നിയമസഭകളുടെ കണക്കെടുത്താൽ സ്ത്രീ പ്രാതിനിദ്ധ്യം കേവലം ഒമ്പതു ശതമാനം മാത്രമാണ്. ലോക്സഭയിലേക്കു വന്നാൽ ഇതാകട്ടെ 14 മുതൽ പതിനഞ്ചു ശതമാനവും. എന്നാൽ മൊത്തം ജനസംഖ്യയിൽ ഏതാണ്ട് 49 ശതമാനത്തോളം സ്ത്രീകളാണ് താനും. 1946 ൽ ഭരണഘടനാ അസംബ്ലി രൂപീകരിച്ചപ്പോൾ അതിലുണ്ടായിരുന്ന 389 പേരിൽ 15 പേർ മാത്രമായിരുന്നു സ്‌ത്രീകൾ. അവിടെ നിന്നുമാണ് നമ്മൾ പടിപടിയായി വലുതല്ലെങ്കിലും ഇന്നത്തെ അവസ്ഥയിലേക്കെത്തിയത്. കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളിലായി പൊതു രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെടൽ നടത്തുന്ന സ്ത്രീകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. പക്ഷെ അവർക്കും നിയമനിർമ്മാണത്തിൽ പങ്ക് ലഭിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ വേണം സ്ത്രീകൾക്ക് 33 ശതമാനം സംവരണമെന്ന ചരിത്രലക്ഷ്യത്തോടെ അവതരിപ്പിച്ച ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാതെ ലോക്‌സഭയിൽ പരാജയപ്പെട്ടതിനെ കാണാനും വിലയിരുത്താനും.

ലോക്‌സഭയുടെ അംഗബലം നിലവിലെ 543ൽ നിന്ന് 850 ആയി ഉയർത്താനും അതിൽ 33 ശതമാനം സ്‌ത്രീകൾക്കായി സംവരണം ചെയ്യാനുമാണ് ബിൽ ലക്ഷ്യമിട്ടത്. 298 പേർ അനുകൂലിച്ചപ്പോൾ 230 പേർ എതിർക്കുകയായിരുന്നു. പാസ്സാകാൻ 352 പേരുടെ പിന്തുണ വേണമായിരുന്നു. ഒറ്റക്കെട്ടായി നിന്ന് ബിൽ പരാജയപ്പെടുത്തിയെന്ന് ഊറ്റം കൊള്ളുന്ന പ്രതിപക്ഷം അതിലൂടെ നഷ്ടമായ ജനപ്രാതിനിദ്ധ്യത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്‌തിട്ടുണ്ടാവുകയില്ല. കോൺഗ്രസിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്കു മുമ്പ് കൊണ്ടുവന്ന വനിതാ സംവരണമെന്ന ആശയം യാഥാർത്ഥ്യമാകുമെന്നു കണ്ടപ്പോഴാണ് രാഷ്ട്രീയ കണ്ണിലൂടെ അതിനെ അട്ടിമറിക്കാൻ അവർതന്നെ മുൻകൈയ്യെടുത്തത്. പ്രാവർത്തികമായില്ലെങ്കിലും 2023 ൽ എല്ലാവരും കൈയ്യടിച്ചു പാസ്സാക്കിയ നിയമമാണിതെന്നും ഓർക്കണം. എല്ലാ മേഖലകളിലും സ്‌ത്രീകൾക്ക് തുല്യ അവകാശം നൽകണമെന്ന് വീരവാദം മുഴക്കുന്നവർ അതിനുള്ള അവസരം വന്നുചേർന്നപ്പോൾ പടിക്കലിട്ട് കലം ഉടയ്‌ക്കുന്ന സമീപനമാണ് കൈക്കൊണ്ടത്.

850 സീറ്റായി വർദ്ധിച്ചിരുന്നെങ്കിൽ അതിൽ 273 സീറ്റുകൾ സ്‌ത്രീകൾക്ക് ലഭിക്കുമായിരുന്നു. അതുപോലെ തന്നെ ഭാവിയിൽ കാശ്‌മീരിനടക്കം ഗുണകരമാകുന്ന കാര്യങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു. രാജ്യതാത്‌പര്യത്തിനുതകുന്ന വിശാല കാഴ്ചപ്പാടിൽ സമവായത്തോടെ സമീപിക്കേണ്ട ഒരു വിഷയമായിരുന്നു ഇത്. രാജീവ്ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്ന പഞ്ചായത്തീരാജ് നഗരപാലിക നിയമം തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്ത്രീ പ്രാതിനിദ്ധ്യത്തിൽ വലിയ വർദ്ധനയുണ്ടാക്കി. അതിന്റെ മാറ്റം സാമൂഹിക രംഗങ്ങളിൽ ഗുണകരമായി ഭവിച്ചു. രാജ്യത്തെ കോടിക്കണക്കിനു സ്‌ത്രീകളെ ഓർത്ത് വനിതാ സംവരണ ബിൽ ഭേദഗതി പാസാക്കണമെന്നും, മനഃസാക്ഷിയുടെ വോട്ട് രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ അംഗങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. രാജ്യത്തെ സ്‌ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും എം.പിമാർ ചെയ്യരുതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഈ ഭേദഗതി ഏകകണ്ഠമായി പാസായാൽ അത് രാജ്യത്തെ സ്‌‌ത്രീകളെ കൂടുതൽ ശാക്തീകരിക്കുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാദം അവഗണിക്കാനാവുന്നതായിരുന്നില്ല. സീറ്റുകൾ വർദ്ധിച്ചാൽ എസ്.സി - എസ്.ടി വിഭാഗത്തിലെ വനിതാ പ്രാതിനിദ്ധ്യവും കൂടുമായിരുന്നു. പക്ഷെ അതിനെല്ലാം വന്നുചേർന്ന സുവർണാവസരമാണ് ഇപ്പോൾ പാഴാക്കിയത്.