സി.ഐ.ടി.യു വിട്ട് എ.ഐ.ടി.യു.സിയിൽ ചേർന്നു,​ പാലക്കുഴയിൽ സംഘർഷം

Sunday 19 April 2026 2:05 AM IST

11 എ.ഐ.ടി.യു.സി പ്രവർത്തകർക്ക് പരിക്ക്

കൂത്താട്ടുകുളം: സി.ഐ.ടി.യുവിൽ നിന്നും തൊഴിലാളികൾ എ.ഐ.ടി.യു.സിയിൽ ചേർന്നതിനെച്ചൊല്ലി കൂത്താട്ടുകുളം പാലക്കുഴയിൽ സി.പി.എം - എ.ഐ.ടി.യു.സി പ്രവർത്തകർ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ 11 എ.ഐ.ടി.യു.സി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. പാലക്കുഴയിലെ എ.ഐ.ടി.യു.സി ഓഫീസിൽ കയറി സി.പി.എം-സി.ഐ.ടി.യുക്കാർ തൊഴിലാളികളെ മർദ്ദിക്കുകയായിരുന്നു.

പാലക്കുഴ നിരപ്പേൽ എൻ. കെ. ജിന്റോ (45), പാറത്തട്ടേൽ അജിത്ത് വർഗീസ് (32), ഇല്ലിക്കനിരപ്പേൽ ഇ.എ. കുഞ്ഞ് (63), കലോലിക്കൽ ഷാജി മാത്യു (47), വെട്ടിച്ചുവട്ടിൽ ഷിനോയ് മാത്യു (41), കാരക്കുന്നേൽ കെ.കെ രാജേഷ് (44),​ മുളയാനിക്കൽ ഷിജു ജോയ് (42),​ മാറിക ഇല്ലിക്കനിരപ്പേൽ ഇ.കെ മണിയൻ (47),​ഓലിക്കൽ സാജു ജേക്കബ് (52),​ പപാത്തിക്കൽ ടി .പി . രാജേഷ് (46),​ ഇല്ലിക്കനിരപ്പേൽ ഇ. എ ബിജു (52) എന്നിവർക്കാണ് പരിക്കേറ്റത്.

​സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ സി.ഐ.ടി.യു വിട്ട് എ.ഐ.ടി.യു.സിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് പാലക്കുഴ പ്രദേശത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മാറികയിൽ ഒരു ടിമ്പർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അംഗത്തിന് മർദ്ദനമേറ്റു. ഇതിന്റെ തുടർച്ചയായാണ് ശനിയാഴ്ച രാവിലെ പാലക്കുഴയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായത്.

​സംഭവമറിഞ്ഞ് കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സി.പി.എം പാലക്കുഴ ലോക്കൽ സെക്രട്ടറി ജോഷി സ്കറിയ ഒന്നാം പ്രതിയായും സി.ഐ.ടി.യു സെക്രട്ടറി ശോഭൻ ബാബുവിനെ രണ്ടാം പ്രതിയായും മൊത്തം 14 പേരുടെ പേരിൽ കൂത്താട്ടുകുളം പൊലീസ് കേസെടുത്തു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂത്താട്ടുകുളം പോലീസിന്റെ നേതൃത്വത്തിലുള്ള വൻ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

യുവമോർച്ചക്കാരന് നേരെയും ആക്രമണം

സി. പി. എം- എ.ഐ . ടി. യു. സി സംഘർഷത്തിനുശേഷം മടങ്ങുകയായിരുന്ന സി.പി.എം പ്രവർത്തകർ കടയിൽ നിൽക്കുകയായിരുന്ന ബി.ജെ.പി യുവമോർച്ച പ്രവർത്തകനെയും മർദ്ദിച്ചു. യുവമോർച്ച പാലക്കുഴ പഞ്ചായത്ത് സെക്രട്ടറി സിദ്ധാർത്ഥ് കെ. എച്ചിനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തെ മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.