നീലേശ്വരത്തെ രാപ്പകൽ സമരം അവസാനിച്ചു
Saturday 18 April 2026 10:13 PM IST
നീലേശ്വരം : ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ആകാശപാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭ നേതൃത്വത്തിലുള്ള കർമ്മസമിതി ആരംഭിച്ച രാപകൽ സമരം സമാപിച്ചു. സമരത്തിന്റെ തുടർച്ചയായി വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സന്നദ്ധ സംഘടന ഭാരവാഹികളുടെ യോഗം 26ന് വൈകിട്ട് 4 ന് നഗരസഭാ ഹാളിലും ജനകീയ കൺവൻഷൻ 28ന് വൈകിട്ട് 4.30 ന് മാർക്കറ്റ് ജംഗ്ഷനിലും നടക്കും. 29 മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കും.
നീലേശ്വരം പുഴ മുതൽ പൊലീസ് സ്റ്റേഷൻ വരെ മേൽപ്പാലം പണിയുക, നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് പണിയുക, നിർമാണം പൂർത്തിയാകുന്ന കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാനും തിരിച്ചുവരാനുമുള്ള സൗകര്യമൊരുക്കുക, കരുവാച്ചേരി വളവിൽ മേൽനടപ്പാലം പണിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്.