കള്ളുഷാപ്പിനെതിരെ സമരം: അദ്ധ്യാപകനെ വാഹനമിടിപ്പിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധം ശക്തം

Sunday 19 April 2026 12:00 AM IST

ഇരിങ്ങാലക്കുട: പുതിയ കള്ളുഷാപ്പ് വരുന്നതിനെതിരെ സമരമുഖത്ത് സജീവമായ അദ്ധ്യാപകനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സമരസമിതി പ്രതിഷേധം ശക്തമാക്കുന്നു. കള്ളുഷാപ്പ് വിരുദ്ധ സമരസമിതി ഇന്ന് കള്ളുഷാപ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും. തുടർന്ന് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും. ഇരുന്നൂറോളം പേർ കളക്ടർക്ക് ഹർജി നൽകിയിരുന്നു. സി.പി.എം സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി പൊറത്തിശ്ശേരി സ്വദേശി എം.ജി.സുഗുണനെയാണ് (57) അപായപ്പെടുത്താൻ ശ്രമിച്ചത്.

കല്ലേറ്റുംകര മോഡൽ പോളിടെക്‌നിക്ക് സ്‌കൂളിലെ അദ്ധ്യാപകനാണ് സുഗുണൻ. പൊറത്തിശ്ശേരി വീ വൺ നഗറിലെ ജനവാസ മേഖലയിൽ കള്ളുഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പരിസരവാസികൾ നടത്തുന്ന പ്രക്ഷോഭത്തിൽ സുഗുണനും സജീവമായി പങ്കെടുത്തിരുന്നു.

കഴിഞ്ഞദിവസം രാവിലെ ജോലിക്ക് പോകുന്നതിനിടെ ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിന് സമീപത്ത് വെച്ചാണ് സുഗുണൻ ആക്രമണത്തിനിരയായത്.

ഹെൽമറ്റ് വെച്ച് സ്‌കൂട്ടറിലെത്തിയ രണ്ടുപേർ സുഗുണൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ വട്ടം വെച്ച് നിറുത്തി. പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ സുഗുണൻ വീണ് പരിക്കേറ്റു. അപകടവിവരം ചോദിച്ചറിയാതെ സ്‌കൂട്ടർ യാത്രികർ പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെട്ടു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ സുഗുണൻ പൊലീസിൽ പരാതി നൽകി.