പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ പ്രസംഗം, ബംഗാളിലെയും തമിഴ്നാട്ടിലെയും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് കോൺഗ്രസ്
Saturday 18 April 2026 11:22 PM IST
ന്യൂഡൽഹി; വനിത സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഉണ്ടാകേണ്ട പവിത്രത കളഞ്ഞു കുളിക്കുന്ന രാഷ്ട്രീയ പ്രസംഗമാണ് നടന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. കോൺഗ്രസിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതെല്ലാം കളവാണെന്നും ജയറാം രമേശ് ചൂണ്ടിക്കാണിച്ചു. നിലവിലെ അംഗസംഖ്യയിൽ വനിതാ സംവരണം നടപ്പാക്കാൻ ബില്ല് നാളെക്കൊണ്ടു വന്നാലും കോൺഗ്രസ് പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിലെയും തമിഴ്നാട്ടിലെയും തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രസ്താവനയാണ് മോദി ഇന്ന് നടത്തിയത്. വനിതാ സംവരണത്തിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു,