ടിസിഎസിൽ 12 ഇരകളെ കണ്ടെത്തി മതം മാറ്റിക്കാൻ രാജ്യാന്തര സംഘം

Sunday 19 April 2026 2:36 AM IST

ന്യൂഡൽഹി: നാസിക്ക് ടി.സി.എസിലെ മതംമാറ്റ ശ്രമങ്ങൾക്കു പിന്നിൽ രാജ്യാന്തര ബന്ധമുള്ള മൊ‌ഡ്യൂൾ ആണെന്ന് നിഗമനം. എൻ.ഐ.എ, സി.ബി.ഐ, ഐ.ബി എന്നീ കേന്ദ്ര ഏജൻസികൾ വിശദമായ അന്വേഷണത്തിലേക്ക് കടന്നു. എൻ.ഐ.എയ്‌ക്ക് പൂ‌ർണമായും അന്വേഷണം കൈമാറാനും സാദ്ധ്യത. ടി.സി.എസിൽ 12 ഇരകളെയാണ് ഏജൻസികൾ ഇതുവരെ കണ്ടെത്തിയത്. 9 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌തു.

ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിൽ 'വൈറ്റ് കോളർ' ഭീകര മൊഡ്യൂളാണ് പ്രവ‌‌ർത്തിച്ചത്. സമാനമായി,​ രാജ്യാന്തര ബന്ധങ്ങളുള്ള 'കോർപറേറ്റ് ജിഹാദ് മൊഡ്യൂൾ' വൻകിട സ്ഥാപനങ്ങളിലും പ്രവ‌ർത്തിക്കുന്നുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. പ്രൊഫഷണലുകളുൾപ്പെട്ട സംഘങ്ങൾ രാജ്യത്ത് രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഏജൻസികൾക്ക് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. ചെങ്കോട്ട സംഭവത്തിനു പിന്നിൽ ഡോക്‌ടർമാരുടെ സംഘമായിരുന്നു. മതംമാറ്റ ശ്രമം രാജ്യത്തെ മറ്രേതെങ്കിലും കോ‌ർപറേറ്റ് കമ്പനികളിലും നടന്നോയെന്നും പരിശോധിക്കും. സംഘടിത മതപരിവർത്തനമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

കേസിൽ എസ്.സി/എസ്.ടി വകുപ്പുകളും ചേർത്തു. പട്ടികജാതിയിൽപ്പെട്ട ജീവനക്കാരിയുടെ പരാതിയിലെടുത്ത എഫ്.ഐ.ആറിലാണിത്. ടി.സി.എസിലെ ഡാനിഷ് ഷെയ്ഖിനെതിരെയാണ് ജീവനക്കാരി ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ പരാതികൾ ഉന്നയിച്ചത്. ഡാനിഷിനെ അറസ്റ്റ് ചെയ്‌തിരുന്നു.

കൈമലർത്തി ടി.സി.എസ് മതംമാറ്റ,ലൈംഗികാതിക്രമ സംഭവങ്ങളിൽ കൈമലർത്തുകയാണ് ടി.സി.എസ്. ആഭ്യന്തര പരാതി സമിതിക്ക് ഇതുവരെ ഇത്തരം പരാതി ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. ഏജൻസികൾ തിരയുന്ന നിദാ ഖാൻ എച്ച്.ആർ മാനേജരല്ലെന്നും ടി.സി.എസ് പറയുന്നു. അവർ പ്രോസസ് അസോസിയേറ്റാണ്. നേതൃപരമായ ചുമതലകൾ നൽകിയിട്ടില്ല. നിദയെ സസ്‌പെൻഡ് ചെയ്‌തു. നാസിക്കിലെ യൂണിറ്റ് അടച്ചുപൂട്ടിയെന്ന വാർത്തകളും നിഷേധിച്ചു.

ഒളിയിടത്തിൽ നിന്ന് മുങ്ങി നിദ ഒളിവിൽ കഴിയുന്ന നിദയെ കണ്ടെത്താനായിട്ടില്ല. ഭർത്താവ് മോയിൻ നവീൻ ഇഖ്ബാൽ ഖാനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തപ്പോൾ നിദയുടെ ഒളിയിടം സംബന്ധിച്ച് സൂചന ലഭിച്ചെങ്കിലും അവിടെയെത്തിയപ്പോൾ അടഞ്ഞു കിടക്കുകയായിരുന്നു.